കണ്ണൂര്‍:  ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യ ജാഗ്രതാ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. നാരായണ നായ്ക് പരിപാടി ഉദ്ഘാടനം ചെയ്തു.  പകര്‍ച്ചവ്യാധികള്‍ക്കെതിരെ വിദ്യാര്‍ഥികളിലൂടെ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ ജാഗ്രതാ ക്യാമ്പയിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചത്.

പോസ്റ്റര്‍, ഡിജിറ്റല്‍ പോസ്റ്റര്‍, ട്രോള്‍, മൊബൈല്‍ ഷോര്‍ട്ട് ഫിലിം എന്നീ വിഭാഗങ്ങളില്‍ ഓണ്‍ലൈനായാണ് മത്സരങ്ങള്‍ നടന്നത്.
സ്റ്റുഡന്റ്‌സ് ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ‘ക്ലീന്‍ മൈന്‍ഡ് ക്ലീന്‍ ഹോം’ എന്ന ടാഗ് ലൈനോടെയും ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ യു പി, ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി ‘ വൃത്തിയുള്ള മനസ്സ്, വീട്, പരിസരം’ എന്ന സന്ദേശം നല്‍കിക്കൊണ്ടും രണ്ട് ഘട്ടങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.

വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്, ക്യാഷ് അവാര്‍ഡ് എന്നിവ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കൈമാറി. ക്യാമ്പയിനിന്റെ ഭാഗമായി ഡെങ്കിപ്പനി ജാഗ്രതയെക്കുറിച്ചുള്ള ഗാനം ആലപിച്ച പാലിയേറ്റീവ് കുടുംബാംഗമായ പ്രജീഷ് മലപ്പട്ടത്തിന് ചടങ്ങില്‍ അവാര്‍ഡ് നല്‍കി. അനീഷ്തലോറയാണ് ഗാനം രചിച്ചത്.  ഡെപ്യൂട്ടി ഡിഎംഒ ഡോ. എം കെ ഷാജ്, എന്‍സിഡി ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. കെ മായ, ജില്ലാ മലേറിയ ഓഫീസര്‍ കെ പ്രകാശ്കുമാര്‍, ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മീഡിയാ ഓഫീസര്‍ ഹംസ ഇസ്മാലി തുടങ്ങിയവര്‍ പങ്കെടുത്തു.