കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രത്യേക വിഭാഗങ്ങള്‍ക്ക് അനുവദിച്ച പോസ്റ്റല്‍ ബാലറ്റുകളുടെ വിതരണം ജില്ലയില്‍ ആരംഭിച്ചു. 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് ബാധിതര്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കാണ് കൊവിഡ് സാഹചര്യം പരിഗണിച്ച് ഇത്തവണ പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഏര്‍പ്പെടുത്തിയത്.

വെള്ളിയാഴ്ച രാവിലെ മുതല്‍ 11 നിയോജക മണ്ഡലങ്ങളിലെയും വരണാധികാരിയുടെ ഓഫീസില്‍ നിന്നും പോസ്റ്റല്‍ ബാലറ്റിന്റെയും അനുബന്ധ സാമഗ്രികളുടെയും വിതരണം ആരംഭിച്ചു. ഓരോ മണ്ഡലത്തിലും അഞ്ച് പേര്‍ അടങ്ങുന്ന 30 ടീമുകളെയാണ് തപാല്‍ ബാലറ്റ് വിതരണത്തിനായി നിയോഗിച്ചിട്ടുള്ളത്.

നേരത്തേ 12 ഡി ഫോറത്തില്‍ തപാല്‍ വോട്ടിന് അപേക്ഷ നല്‍കിയ വോട്ടര്‍മാര്‍ക്ക് തപാല്‍ ബാലറ്റ് വിതരണം ചെയ്യുന്ന തീയതി എസ്എംഎസായോ തപാല്‍ വഴിയോ ബിഎല്‍ഒ മുഖാന്തിരമോ അറിയിച്ച ശേഷമാണ് സംഘം പോസ്റ്റല്‍ ബാലറ്റ് എത്തിക്കുക. ഇരിക്കൂര്‍, കണ്ണൂര്‍, തലശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂര്‍, കല്ല്യാശ്ശേരി, കൂത്തുപറമ്പ് എന്നീ നിയോജകമണ്ഡലങ്ങളില്‍ വെള്ളിയാഴ്ച വിതരണ ടീമുകള്‍ വീടുകളിലെത്തി പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്തു.

സ്പെഷ്യല്‍ പോളിങ്ങ് ഓഫീസര്‍, പോളിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍, വീഡിയോഗ്രാഫര്‍ എന്നിവരടങ്ങുന്നതാണ് വിതരണ സംഘം. ഇവര്‍ വോട്ടര്‍മാരുടെ താമസ സ്ഥലങ്ങളില്‍ എത്തി പോസ്റ്റല്‍ ബാലറ്റ് കൈമാറും. രഹസ്യമായി വോട്ട് രേഖപ്പെടുത്തിയ ശേഷം പോസ്റ്റല്‍ ബാലറ്റ് പ്രത്യേകം കവറിലാക്കി സംഘത്തിന് കൈമാറുകയോ റിട്ടേണിംഗ് ഓഫീസര്‍ക്ക് ദൂതന്‍ മുഖാന്തിരം എത്തിക്കുകയോ ചെയ്യാം. കാഴ്ച വൈകല്യമോ മറ്റു ആരോഗ്യപ്രശ്നങ്ങളാലോ വോട്ട് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ പ്രായപൂര്‍ത്തിയായ ഒരാളുടെ സഹായം തേടാവുന്നതാണ്.

പോസ്റ്റല്‍ ബാലറ്റ് ഇഷ്യൂ ചെയ്യുന്നവരുടെ പേരിനു നേരെ വോട്ടര്‍പട്ടികയുടെ മാര്‍ക്ക്ഡ് കോപ്പിയില്‍ ‘പിബി’ എന്ന് രേഖപ്പെടുത്തും. അതിനാല്‍ തപാല്‍ വോട്ടിനായി അപേക്ഷ നല്‍കിയവര്‍ക്ക് വോട്ടെടുപ്പ് ദിവസം പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ സാധിക്കുകയില്ല. ഏപ്രില്‍ ഒന്ന് വരെയാണ് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാന്‍ സാധിക്കുക.