കൊച്ചി: തിരപ്രദേശത്തിന്റെ സമ്പത്ത് യഥാര്‍ഥ അവകാശികളായ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ. ജനകീയം 2018-ല്‍ ഫിഷറീസ് വകുപ്പിന്റെയും സാഫിന്റെയും ആഭിമുഖ്യത്തില്‍ നടന്ന തീരമൈത്രി സംഗമവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീരദേശ വനിതകളുടെ ശാക്തീകരണം കൈവരിക്കുന്നതില്‍ സാഫ് വിജയം കണ്ടു. കഴിഞ്ഞ രണ്ട് വര്‍ഷമായി ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി 289 ലക്ഷം രൂപ ചെലവഴിക്കുകയും 80 ലക്ഷം രൂപ ആക്ടിവിറ്റി ഗ്രൂപ്പുകള്‍ക്ക് റിവോള്‍വിങ് ഫണ്ടായും സര്‍ക്കാര്‍ അനുവദിച്ചു. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി തീരദേശ ജനങ്ങള്‍ക്ക് സപ്ലൈകോയുടെ മാവേലി ഉല്പന്നങ്ങളും മറ്റ് അവശ്യ വസ്തുക്കളും നല്‍കുന്നതിനായി തീര മാവേലി പദ്ധതി ആരംഭിച്ചു. ഈ പദ്ധതിയില്‍ പത്ത് സൂപ്പര്‍ മാര്‍ക്കറ്റുകളും അഞ്ച് കമ്യൂണിറ്റി പ്രൊവിഷന്‍ സ്റ്റോറുകളും പ്രവര്‍ത്തിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ അഭ്യസ്ത വിദ്യരായ യുവതികള്‍ക്കായി തീരനൈപുണ്യ പദ്ധതിയും വകുപ്പ് നടപ്പിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ജീവിത വിജയം വിവിധ ഘട്ടങ്ങളില്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ആലുവ യു. സി. കോളജ് സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സീന മത്തായി പ്രബന്ധം അവതരിപ്പിച്ചു. പ്രശ്നങ്ങളെ സ്വയം തരണം ചെയ്യണം. . ഏതെങ്കിലുമൊരു സമ്പാദ്യത്തിലൂടെ സന്തോഷം കണ്ടെത്താന്‍ സാധിക്കണം . ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷിക്കുമ്പോഴാണ് ജീവിതം ആസ്വാദ്യമാകുന്നത്. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കാര്യങ്ങള്‍ ചെയ്യാനും പ്രതികരിക്കാനും സ്ത്രീകള്‍ പ്രാപ്തരാകണം. സ്ത്രീ കുടുംബത്തിന്റെ വിളക്കാണ് , കരിവിളക്കുകളാകാതെ സ്ത്രീകള്‍ പ്രകാശപൂരിതരാകണം. യാഥാര്‍ഥ്യവുമായി പൊരുത്തപ്പെട്ട് ജീവിക്കാനും സാധിക്കണം. പരാതി പറയുന്ന സ്വഭാവം മാറ്റി ചെയ്ത കാര്യങ്ങള്‍ തിരിഞ്ഞ് നോക്കി സന്തോഷിക്കാന്‍ സാധിക്കുമ്പോള്‍ ജീവിതം അര്ത്ഥപൂര്ണമാക്കുമെന്നും അവര്‍ പറഞ്ഞു.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കമ്മീഷണര്‍ സി.ആര്. സത്യവതി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സാഫ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ശ്രീലു എന്‍.എസ്, ഫിഷറീസ് ഡെപ്യൂട്ടി മേഖല ഡയറക്ടര്‍ എസ്. മഹേഷ്, സാഫ് നോഡല്‍ ഓഫീസര്‍ മാജാ ജോസ്. പി തുടങ്ങിയവര്‍ പങ്കെടുത്തു.
ക്യാപ്ഷന്‍: ജനകീയം 2018-ല്‍ ഫിഷറീസ് വകുപ്പിന്റെയും സാഫിന്റെയും ആഭിമുഖ്യത്തില്‍ നടന്ന തീരമൈത്രി സംഗമവും സെമിനാറും ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.