കൊച്ചി: സംസ്ഥാനത്തെ ഭവന രഹിതര്‍ക്ക് വീടും തീരെ പാവപ്പെട്ടവര്‍ക്ക് ജീവിതോപാധിയും ലഭ്യമാക്കുന്ന ലൈഫ് പദ്ധതിയുടെ വിശദാംശങ്ങളറിയാന്‍ മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് മറൈന്‍ ഡ്രൈവില്‍ നടത്തുന്ന പ്രദര്‍ശന വിപണനമേള ജനകീയം 2018ല്‍ അവസരം. ലൈഫ് പദ്ധതിയുടെ മാനദണ്ഡങ്ങള്‍, വിശദാംശങ്ങള്‍, ഗുണഭോക്താകാന്‍ വേണ്ട യോഗ്യതകള്‍, ഗുണഭോക്താവായാല്‍ ലഭിക്കുന്ന സഹായങ്ങള്‍ തുടങ്ങിയ വിശദമായ വിവരങ്ങള്‍ സ്റ്റാളില്‍ ലഭിക്കും.
പാതി വഴിയില്‍ നിര്‍മാണം നിലച്ച വീടുകളുടെ പൂര്‍ത്തീകരണം , ഭൂമിയുള്ള  ഭവനരഹിതര്‍ക്ക് വീട്, ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്ക് വീട് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ഭവന പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.  ഇതില്‍ ഭൂരഹിതര്‍ ഒഴികെയുള്ള മറ്റു രണ്ടു വിഭാഗങ്ങള്‍ക്കുമുള്ള ഭവന നിര്‍മാണം പുരോഗമിക്കുകയാണ്. ജില്ലയില്‍ ഭൂമിയുള്ള 10000 പേരും ഭൂമിയില്ലാത്ത 38000 പേരുമടക്കം 48000 അപേക്ഷകരാണുള്ളത്. ഇതില്‍ ആദ്യഘട്ടത്തിലെ ഭവന പുനരുദ്ധാരണ വിഭാഗത്തില്‍ 88% പദ്ധതി നിര്‍വ്വഹണം പൂര്‍ത്തീകരിച്ചു.
ഇതുവരെ അപേക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത അര്‍ഹരായവര്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സ്റ്റാളില്‍ ലഭിക്കുമെന്ന് ജില്ലാ കോഓര്‍ഡിനേറ്റര്‍ ഏണസ്റ്റ് പറഞ്ഞു. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം, ഉദ്യോഗസ്ഥര്‍, സമര്‍പ്പിക്കേണ്ട രേഖകള്‍, തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാണ്.
400 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് വീട് നിര്‍മ്മിക്കുക.  പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കാവുന്ന 12 പ്ലാനുകളും സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ താല്‍പര്യമുള്ളത് ഗുണഭോക്താവിന് തെരഞ്ഞെടുക്കാം.  കൂടാതെ ഭാവിയില്‍ വിസ്താരം കൂടിയെടുക്കാവുന്ന തരത്തില്‍ കൂട്ടിച്ചേര്‍ക്കലിനു സാധ്യമായ രീതിയില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുകയുമാവാം. ഇതില്‍ മൂന്ന് വീടുകളുടെ ലൈവ് മാതൃക സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
നാലു ഘട്ടങ്ങളിലായി നാലു ലക്ഷം രൂപയാണ് പദ്ധതിയില്‍ ലഭിക്കുക. കൂടാതെ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ഭവന നിര്‍മാണത്തില്‍ പങ്കാളിയാക്കി 90 ദിവസത്തെ പണി ഉറപ്പാക്കും.   ഇതുവഴി സ്വന്തം വീട് നിര്‍മാണത്തില്‍ പങ്കാളിയായതിന് കൂലി ലഭിക്കുന്നു എന്നത് പദ്ധതിയുടെ പ്രത്യേകതയുമാണ്.  പട്ടികവര്‍ഗ്ഗ സങ്കേതത്തിലെ പട്ടികവര്‍ഗ ഗുണഭോക്താവിന് അഞ്ചു ഗഡുക്കളായി ആറു ലക്ഷം രൂപ ധനസഹായം ലഭിക്കും. സങ്കേതത്തിനു പുറത്താണെങ്കില്‍ നാലു ലക്ഷം രൂപയാണ് ലഭിക്കുക.
വീടിനോടു ചേര്‍ന്ന് ടോയ്‌ലെറ്റും നിര്‍മിച്ചു നല്‍കും. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ഭവന നിര്‍മാണ സാമഗ്രിയായി കട്ടയും നിര്‍മിച്ചു കൊടുക്കും. കുറഞ്ഞ നിരക്കില്‍ സിമന്റ് ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണെന്ന് ജില്ലാ കോഓര്‍ഡിനേറ്റര്‍ ഏണസ്റ്റ് പറഞ്ഞു.  വീടുവെക്കുന്നവര്‍ക്കുള്ള കിണര്‍ തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിക്കാനും പദ്ധതിയുണ്ട്.
നേരിട്ട് ഭവന നിര്‍മാണം നടത്താന്‍ കഴിയാത്തവര്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനം കണ്ടെത്തുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള ഏജന്‍സികളോ കരാറുകാരോ മുഖേനയും ഭവനനിര്‍മാണം നടത്താം.  പട്ടികവര്‍ഗ്ഗ സങ്കേതങ്ങളില്‍ താമസിക്കുന്ന പട്ടികവര്‍ഗ ഗുണഭോക്താക്കള്‍ക്ക് ഭവനനിര്‍മാണ അനുമതി ആവശ്യമില്ലെന്ന പ്രത്യേകതയുമുണ്ട്.
ലൈഫ് ഗുണഭോക്താക്കളുടെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് തൊഴില്‍ പരിശീലനവും നല്‍കും.   ഹൈ  ടെക് ഫാമിങ്, തെങ്ങുകയറ്റം, യന്ത്രവല്‍കൃത കൃഷിരീതികള്‍, ജൈവ കീടനാശിനി നിര്‍മാണം,  നൈപുണ്യ വികസനം, സ്വയംതൊഴില്‍ പദ്ധതികള്‍, തുള്ളിനന സംവിധാനം, നഴ്‌സറി പരിപാലനം തുടങ്ങിയവയാണ് തൊഴില്‍ പരിശീലനത്തിലുള്‍പ്പെടുത്തിയിട്ടുള്ളത്.