കാസർഗോഡ്: പോളിംഗ് ദിനത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ സഞ്ചാര പാത അറിയാന്‍ എല്‍ ട്രേസസ് (ele traces) ആപ്ലിക്കേഷന്‍ തയ്യാറാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പോളിങ് ദിനത്തില്‍ സാങ്കേതിക തകരാറുകള്‍ സംഭവിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ മാറ്റിസ്ഥാപിക്കുകയും കേടായ വോട്ടിംഗ് യന്ത്രം തിരിച്ചെത്തിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ഇവിഎമ്മിന്റെ സഞ്ചാര പാത ജിയോഗ്രഫിക്കല്‍ മാപ്പിംഗിലൂടെ കണ്ടെത്താന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് എല്‍ ട്രേസസ്.

ഇവിഎം മെഷീനുകള്‍ കൊണ്ടുപോകുന്നതിനുള്ള ചുമതല സെക്ടറല്‍ ഓഫീസര്‍മാര്‍ക്കാണ്. അതിനാല്‍ പോളിംഗ് ദിനത്തില്‍ എല്ലാ സെക്ടറല്‍ ഓഫീസര്‍മാരും എല്‍ ട്രേസസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യും. എല്‍ ട്രേസസിലൂടെ ഇ വി എം മെഷീനുകളുടെ സഞ്ചാര പാത സംബന്ധിച്ച വിവരങ്ങള്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും ഇ വി എം മാനേജ്മെന്റ് നോഡല്‍ ഓഫീസറിനും ലഭിക്കും.