ഇടുക്കി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് വോട്ടര്‍ ബോധവത്കരണ പരിപാടിയുടെ ഭാഗമായി മൂന്നാറില്‍ പട്ടം പറത്തല്‍ മേളക്ക് തുടക്കമായി. ജില്ലാ ഭരണകൂടത്തിന്റെയും വണ്‍ ഇന്ത്യാ കൈറ്റ്സിന്റെയും മൂന്നാര്‍ പഞ്ചായത്തിന്റെയും മേല്‍നോട്ടത്തിലാണ് പട്ടം പറത്തല്‍ മേള ഒരുക്കിയിട്ടുള്ളത്. മുന്‍ ഫുട്ബോള്‍ താരം ഐ എം വിജയന്‍ മേള ഉദ്ഘാടനം ചെയ്തു. മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റിറ്റിയൂഡ് സ്റ്റേഡിയത്തിലാണ് മേള.
വോട്ടിംഗ് ബോധവല്‍ക്കരണ സന്ദേശം ഉള്‍ക്കൊള്ളുന്ന നൂറോളം കന്നിവോട്ടര്‍മാര്‍ പട്ടങ്ങള്‍ വാനിലുയര്‍ത്തി.
മൂന്നാറിന്റെ ടൂറിസം പ്രമോഷന്‍ പദ്ധതിയായ വിബ്ജിയോര്‍ ടൂറിസത്തിന്റെയും കൊവിഡ് വാക്സിനേഷന്‍ ബോധവല്‍ക്കരണ പ്രചാരണവും പരിപാടിയിലൂടെ ലക്ഷ്യമിട്ടിട്ടുണ്ട്. വണ്‍ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റന്‍ അബ്ദുള്ള മാളിയേക്കലിന്റെ നേതൃത്വത്തില്‍ 15ഓളം ഭീമന്‍ പട്ടങ്ങളും വാനില്‍ ഉയര്‍ത്തി.ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍, സ്വീപ് ചുമതല വഹിക്കുന്ന അസി. കളക്ടര്‍ സൂരജ് ഷാജി, മിനി കെ ജോണ്‍, വിവിധ ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
പരിപാടിക്ക് പൊതുജന പങ്കാളിത്തം ലഭിക്കുന്നുണ്ട്. പട്ടം പറത്തല്‍ മേള ഞായറാഴ്ച്ചയും മൂന്നാറില്‍ നടക്കും. ഓരോ വോട്ടും വിലപ്പെട്ടതാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക എന്ന ആശയത്തിലൂന്നിയാണ് പട്ടം പറത്തല്‍ മേള വിഭാവനം ചെയ്തത്.