തിരുവനന്തപുരം: ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 20 സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിച്ചിട്ടുണ്ടെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. ഇവർ രോഗബാധിത മേഖലകൾ സന്ദർശിച്ച് കോവിഡ് പ്രോട്ടോക്കോൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും വീഴ്ചവരുത്തുന്നവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.
ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിക്കുന്ന ബുള്ളറ്റിൻപ്രകാരം തീവ്രരോഗബാധിത മേഖലകളിൽ കൂടുതൽ സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയോഗിക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നത് ഉറപ്പാക്കാൻ പൊതുസ്ഥലങ്ങളിൽ മൈക്കിലൂടെ ജാഗ്രതാ സന്ദേശങ്ങൾ നൽകാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടികളിൽ കോവിഡ് പ്രോട്ടോക്കോൽ കർശനമായി പാലിക്കണമെന്നും കളക്ടർ പറഞ്ഞു. പൊതുയോഗങ്ങളിലും മറ്റു പരിപാടികളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നു പൊലീസ് ഉറപ്പാക്കണമെന്നും കളക്ടർ പറഞ്ഞു.