പത്തനംതിട്ട:നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവശ്യസേവന വിഭാഗത്തില്‍പ്പെട്ട അസന്നിഹിതരായ സമ്മതിദായകരുടെ (ആബ്സന്റീ വോട്ടേഴ്സ് എസന്‍ഷ്യല്‍ സര്‍വീസ്)
തപാല്‍ വോട്ടെടുപ്പ് പത്തനംതിട്ട ജില്ലയില്‍ ഞായറാഴ്ച്ച ആരംഭിച്ചു. ഇന്നും ( മാര്‍ച്ച് 29 തിങ്കള്‍) നാളെയും ( മാര്‍ച്ച് 30 ചൊവ്വ) അഞ്ച് നിയോജക മണ്ഡലങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകളില്‍ വോട്ട് രേഖപ്പെടുത്താനാകും.
ജില്ലയിലാകെ 571 വോട്ടര്‍മാരാണ് ഈ വിഭാഗത്തില്‍ ഉള്ളത്. തിരുവല്ലയില്‍ 40 പേരും റാന്നിയില്‍ 76 പേരും ആറന്മുള, കോന്നി എന്നിവിടങ്ങളില്‍ 124 പേര്‍ വീതവും അടൂരില്‍ 207 പേരും അവശ്യ സര്‍വീസ് വോട്ടര്‍മാരായുണ്ട്. കോന്നി നിയോജക മണ്ഡലത്തില്‍ കോന്നി ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍, റാന്നി നിയോജക മണ്ഡലത്തില്‍ റാന്നി എംഎസ് എച്ച്എസ്എസ്, അടൂര്‍ നിയോജക മണ്ഡലത്തില്‍ അടൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂള്‍, തിരുവല്ല നിയോജക മണ്ഡലത്തില്‍ തിരുവല്ല ആര്‍ഡിഒ ഓഫീസ്, ആറന്മുള നിയോജക മണ്ഡലത്തില്‍ പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകള്‍ ഒരുക്കിയിട്ടുള്ളത്. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സമയം. അതത് വകുപ്പുകളില്‍ നിശ്ചയിച്ചിട്ടുള്ള നോഡല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ 12 ഡി ഫോം സഹിതം മാര്‍ച്ച് 17 ന് വൈകിട്ട് അഞ്ചിനകം അതത് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് അപേക്ഷ നല്‍കിയ ജീവനക്കാര്‍ക്കാണ് പോസ്റ്റല്‍ വോട്ടിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയിലുള്ള 16 അവശ്യ സര്‍വീസുകളിലെ ജീവനക്കാര്‍ക്കാണ് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ വകുപ്പ്, പോലീസ്, ഫയര്‍ ഫോഴ്സ്, ജയില്‍, എക്സൈസ്, മില്‍മ, ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിറ്റി, കെഎസ്ആര്‍ടിസി, ട്രഷറി സര്‍വീസ്, വനം വകുപ്പ്, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ ഓള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍, ബിഎസ്എന്‍എല്‍, റെയില്‍വേസ്, പോസ്റ്റല്‍ സര്‍വീസ്, ടെലഗ്രാഫ്, ആംബുലന്‍സ് സര്‍വീസ്, തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള മാധ്യമ പ്രവര്‍ത്തകര്‍, ഏവിയേഷന്‍, ഷിപ്പിംഗ് എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഇത്തരത്തില്‍ പോസ്റ്റല്‍ വോട്ടിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
