മലപ്പുറം: കോവിഡ് വാക്സിനേഷന്‍ കൂടുതല്‍ പേര്‍ക്ക് നല്‍കുന്നതിനായി ജില്ലയില്‍ ആരംഭിച്ച മൊബൈല്‍   വാക്സിനേഷന്‍ യൂനിറ്റുകള്‍   ജില്ലാ കലക്ടര്‍  കെ. ഗോപാലകൃഷ്ണന്‍ ഫളാഗ് ഓഫ് ചെയ്തു. മൊബൈല്‍ യൂനിറ്റുകളുടെ സേവനം ജില്ലയിലെ വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ സഹായിക്കുമെന്ന് ചടങ്ങില്‍ കലക്ടര്‍ പറഞ്ഞു.ഫെഡറല്‍ ബാങ്ക് അവരുടെ സാമൂഹ്യ പ്രതിബദ്ധതാ പരിപാടിയുടെ ഭാഗമായി അനുവദിച്ച  മൂന്ന് വാഹനങ്ങളാണ് മൊബൈല്‍ വാക്സിനേഷനു വേണ്ടി ഉപയോഗിക്കുന്നത്. ‘നാളെയുടെ സുരക്ഷക്കായി നാടിന്റ രക്ഷയ്ക്കായി’ എന്ന സന്ദേശവുമായാണ് ഫെഡറല്‍ ബാങ്ക് വാക്‌സിനേഷന്‍ മൊബൈല്‍ യൂനിറ്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ബാങ്കിന്റെ സി.എസ്.ആര്‍ ഫണ്ടുകള്‍ ഉപയോഗിച്ച്  നിര്‍മ്മിച്ച വാക്‌സിനേഷന്‍ വാനുകള്‍  ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്നത് കൂടുതല്‍ സുഗമമാക്കും.

ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.സക്കീന, ഡെപ്യൂട്ടി ഡി.എം.ഒ  ഡോ. മുഹമ്മദ് ഇസ്മായില്‍, ഡി.പി.എം ഡോ. ഷിബുലാല്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ പി.രാജു, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ മുഹമ്മദ് ഫസല്‍,ഫെഡറല്‍ ബാങ്ക് കോഴിക്കോട് സോണല്‍ ഹെഡ് സി.വി റെജി, റീജിയണല്‍ ഹെഡ് അബ്ദുള്‍ ഹമീദ്, മലപ്പുറം ബ്രാഞ്ച് ഹെഡ് അബ്ദുള്‍ നസീര്‍ പറവത്ത്, മോങ്ങം ബ്രാഞ്ച് ഹെഡ് പി.ആര്‍ ശശി, മങ്കരപറമ്പ് ബ്രാഞ്ച് ഹെഡ് നീല്‍ ജോര്‍ജ്, കോട്ടക്കല്‍ ബ്രാഞ്ച് ഹെഡ് സുമോദ് കെ മണി, കുടുംബശ്രീ മിഷന്‍ കോര്‍ഡിനേറ്റര്‍ സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

വ്യാപാരികള്‍, വ്യവസായികള്‍, ഡ്രൈവര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവരുള്‍പ്പടെ 45 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും  ഈ മൊബൈല്‍ യൂണിറ്റ് വഴി കുത്തിവെപ്പ് എടുക്കാം. മൊബൈല്‍ വാക്‌സിനേഷന്‍ വാഹനത്തില്‍ ഡോക്ടര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരും, അനുബന്ധ സൗകര്യങ്ങളും ഉണ്ടായിരിക്കും. ഓരോ ദിവസവും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ഓരോ സ്ഥലത്തും കുത്തിവെപ്പ് വാഹനം എത്തുകയും അവിടെ നിന്നും കുത്തിവെപ്പ് നല്‍കുകയും ചെയ്യും. മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്തവര്‍ക്കും സ്പോട്ട് റജിസ്ട്രേഷന്‍ ചെയ്യുന്നവര്‍ക്കും മൊബൈല്‍ കുത്തിവെപ്പ് യൂണിറ്റുകളില്‍ നിന്ന് കുത്തിവെപ്പ് എടുക്കാം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിനു www.cowin.gov.in എന്ന വെബ് പോര്‍ട്ടലില്‍ സൗകര്യമുണ്ട്.

മലപ്പുറം ബാങ്ക് എംപ്ലോയീസ് ഓഡിറ്റോറിയം, വണ്ടൂര്‍ :ജാഫര്‍ മെഡിക്കല്‍ സെന്റര്‍, കാളികാവ് റോഡ്, വണ്ടൂര്‍, തിരൂര്‍: ജി.എം.യു.പി സ്‌കൂള്‍ ,തിരൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്നലെ മൊബൈല്‍ യൂണിറ്റുകള്‍ വാക്‌സിനേഷന്‍ നടത്തിയത്. ഇന്ന്    ( 2021 ഏപ്രില്‍ 2) മലപ്പുറം എം.എസ്.പി ഓഡിറ്റോറിയം,  വണ്ടൂര്‍ ജാഫര്‍ മെഡിക്കല്‍ സെന്റര്‍, കാളികാവ് റോഡ്  , വണ്ടൂര്‍, തിരൂര്‍: ജി.എം.യു.പി സ്‌കൂള്‍ ,തിരൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മൊബൈല്‍ യൂനിറ്റുകള്‍ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കും.

ജനപ്രതിനിധികള്‍, വ്യാപാരി സംഘടനകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഡ്രൈവര്‍മാര്‍, വിവിധ സംഘടനകള്‍, അസോസിയേഷനുകള്‍, കൂട്ടായ്മകള്‍ തുടങ്ങിയവര്‍ക്ക് കുത്തിവെപ്പ് ക്യാമ്പുകള്‍ സംഘടിപ്പിച്ച് സഹകരിക്കണമെന്ന് ഡി.എം.ഒ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847183440, 9539063580 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.