മലപ്പുറം:   ജില്ലയില്‍ 16 നിയമസഭ മണ്ഡലങ്ങളിലേക്കും മലപ്പുറം ലോകസഭ ഉപതെരഞ്ഞെടുപ്പിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. കലക്ടറുടെ ചേമ്പറില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. കള്ളവോട്ട് തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. ജില്ലയില്‍ 1552 പോളിങ് ലോക്കേഷനുകളിലായി 2753 പ്രധാന ബൂത്തുകളും 2122 ഓക്‌സിലറി ബൂത്തുകളും ഉള്‍പ്പെടെ 4875 പോളിങ് ബൂത്തുകളാണ് ഉള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 32,14,943 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. 1,65,662 പേര്‍ കന്നി വോട്ടര്‍മാരാണ്. ശാരീരിക വൈകല്യമുള്ള 28,974 പേരും 80 വയസിന് മുകളില്‍ പ്രായമുള്ള 46,351 വോട്ടര്‍മാരുമാണുള്ളത്.

എല്ലാ ബൂത്തുകളിലും വിവി പാറ്റ് സൗകര്യമുള്ള വോട്ടിംഗ് മെഷീനുകളാണ് ഈ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത്. നിയമസഭയിലേക്ക് ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവി പാറ്റ് എന്നിവ 4,875 വീതം 14,625 എണ്ണമാണ് ഉപയോഗിക്കുന്നത്. 4,145 വോട്ടിംഗ് യന്ത്രങ്ങള്‍ അധികമായി കരുതും. മലപ്പുറം ലോകസഭ മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പിനായി 6,429 വോട്ടിംഗ് യന്ത്രങ്ങളാണ് ഉപയോഗിക്കുക. 1,823 വോട്ടിംഗ് യന്ത്രങ്ങളാണ് അധികമായി കരുതുക.

ജില്ലയില്‍ 76 ലോക്കേഷനുകളിലായി 194 ക്രിട്ടിക്കല്‍ ബൂത്തുകളും 38 ലോക്കേഷനുകളിലായി 105 തീവ്രവാദ ഭീഷണിയുള്ള ബൂത്തുകളും രണ്ട് ലോക്കേഷനുകളിലായി ഒന്‍പത് വള്‍നറബിള്‍ ബൂത്തുകളുമാണുള്ളത്. ഇവിടങ്ങളില്‍ കേന്ദ്രസായുധ സേനയുടെ സാന്നിധ്യമുണ്ടാകും. 2100 ബൂത്തുകളില്‍ ലൈവ് വെബ്കാസ്റ്റിംഗ് സംവിധാനമുണ്ടാകും.

86 ബൂത്തുകളില്‍ മുഴുവന്‍ സമയ വീഡിയോ റെക്കോര്‍ഡിംഗ് ഉണ്ടാകും.
ബൂത്തുകളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഓരോ ബൂത്തിലേക്കും കോവിഡ് പ്രോട്ടോകോള്‍ ഓഫീസറെ നിയമിക്കും. ഒരു ബൂത്തിലേക്ക് 700 മാസ്‌കുകളും 2000 ഗ്ലൗസുകളും എത്തിക്കും. ബൂത്തിലെത്തുന്ന വോട്ടറുടെ ശരീരതാപനില 37 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാണെങ്കില്‍  മൂന്ന് തവണ താപനില പരിശോധിക്കും. ഏതെങ്കിലും ഒരു തവണ താപനില കുറവാണെങ്കില്‍ അപ്പേള്‍ വോട്ട് ചെയ്യാന്‍ അനുവദിക്കും.

മൂന്ന് തവണയും കൂടുതലാണെങ്കില്‍ കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുമുള്ളവര്‍ക്കുള്ള വോട്ടിംഗ് സമയത്ത് മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കൂ. ഇതിനായി ടോക്കണ്‍ നല്‍കും. ജില്ലയില്‍ എം 3 സീരീസിലുള്ള ആധുനിക സാങ്കേതിക വിദ്യയിലുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് തകരാര്‍ സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്. തകരാറിലാകുന്ന യന്ത്രങ്ങള്‍ പരിശോധിക്കുന്നതിനും ആവശ്യമെങ്കില്‍  അടിയന്തിരമായി മാറ്റി സ്ഥാപിക്കുന്നതിനും പരിശീലനം ലഭിച്ച എഞ്ചീനിയര്‍മാരുടെയും ജീവനക്കാരുടെയും പ്രത്യേക ടീം ഉണ്ടാകും.

ഇരട്ടവോട്ടുള്ള ആളുകള്‍ ഇലക്ഷന്‍ കമ്മീഷന്‍ അംഗീകരിച്ച രണ്ട് തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണം. കള്ളവോട്ട് തടയുന്നതിന് ഇരട്ടവോട്ടര്‍മാരുടെ ലിസ്റ്റ് വരണാധികാരികള്‍ക്ക് നല്‍കും. വരണാധികാരികള്‍ ഇവ അതത് പ്രിസഡിംഗ് ഓഫീസര്‍മാര്‍ക്ക് നല്‍കും. ചൂണ്ടുവിരലില്‍ അടയാളപ്പെടുത്തുന്ന മഷി ഉണങ്ങിയ ശേഷമേ വോട്ട് ചെയ്തവരെ പുറത്ത് പോകാന്‍ അനുവദിക്കൂ. വോട്ടര്‍ പട്ടികയിലെ വോട്ടര്‍മാരുടെ ഇരട്ടിപ്പ് കണ്ടുപിടിക്കുന്നതിന് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളിലെത്തി പരിശോധന നടത്തും. ഇരട്ടവോട്ടുള്ളവര്‍ക്ക് യഥാര്‍ത്ഥത്തിലുള്ള ഒരു വോട്ട് മാത്രമേ ചെയ്യാന്‍ സാധിക്കൂ. ഒന്നിലധികം വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സി. ബിജു, അസിസ്റ്റന്റ് കലക്ടര്‍ വിഷ്ണുരാജ് തുടങിയവര്‍ പങ്കെടുത്തു.