പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊതുജനങ്ങള്‍ സ്വതന്ത്രരായി വോട്ട് ചെയ്യുന്നത് ഉറപ്പ് വരുത്തണമെന്ന് സംസ്ഥാന ചെലവ് നിരീക്ഷകനായ പുഷ്പീന്ദര്‍ സിംഗ് പുനിഹ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് സ്‌ക്വാഡുകളുടെ ജില്ലാതല നോഡല്‍ ഓഫീസര്‍മാര്‍ക്കും നിയമ നിര്‍വഹണ ഏജന്‍സികള്‍ക്കുമായി കളക്ടറേറ്റില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യമോ, പണമോ മറ്റേതെങ്കിലും തരത്തിലുള്ള സ്വാധീനമോ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട സ്‌ക്വാഡ് നിയമനടപടി സ്വീകരിക്കണം. ഒരു വിഭാഗത്തിന് ലഭിക്കുന്ന വിവരം മറ്റ് സ്‌ക്വാഡുകള്‍ക്കും കൈമാറണം.

സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കണം. പൊതുജനത്തിന് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വലിയൊരു പങ്കുണ്ട്. തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ അവ അറിയിക്കാന്‍ സാധിക്കണം. ഇതിനായാണ് വിവിധ സ്‌ക്വാഡുകളെ നിയോഗിച്ചിരിക്കുന്നത്. ഓരോ വ്യക്തിക്കും മറ്റാരുടെയും സ്വാധീനം ഇല്ലാതെ സ്വതന്ത്രരായി വോട്ട് ചെയ്യാന്‍ സാധിക്കുന്നെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ജില്ലയുടെ ചുമതലയുള്ള ചെലവ് നിരീക്ഷകന്‍ സ്വരൂപ് മന്നവ, വിവിധ സ്‌ക്വാഡുകളുടെ ജില്ലാതല നോഡല്‍ ഓഫീസര്‍മാര്‍, നിയമ നിര്‍വഹണ ഏജന്‍സികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.