കണ്ണൂര്‍:  തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ തിരക്കുകള്‍ക്കിടയില്‍ കൊവിഡ് ജാഗ്രത കൈവിടരുതെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തിലാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടറുടെ അഭ്യര്‍ത്ഥന. മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കാതിരിക്കുക, സാമൂഹ്യ അകലം പാലിക്കാതിരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കാതിരിക്കുക തുടങ്ങിയ കൊവിഡ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ തെരഞ്ഞെടുപ്പ് കാലത്ത് കൂടി വരികയാണ്.

ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ അടുത്ത ദിവസങ്ങളായി വര്‍ധനവുണ്ട്. ഇത് ശുഭ സൂചനയല്ല. ജനാധിപത്യം സാമൂഹ്യ ജീവിതത്തിന്റെ ജീവവായുവാണെങ്കില്‍ കൊവിഡിന്റെ കാര്യത്തില്‍ പ്രതിരോധമാണ് ജീവവായു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ജീവനു വേണ്ടിയുള്ള ജാഗ്രത കൈവിടാതിരിക്കാന്‍ ജനങ്ങളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും പറയണമെന്നും ജില്ലാ കലക്ടര്‍ നേതാക്കളെ ഓര്‍മിപ്പിച്ചു.

കൊവിഡ് കാലത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വെല്ലുവിളികള്‍ നിറഞ്ഞതാണ്. വാക്‌സിന്‍ രണ്ട് ഡോസുകള്‍ സ്വീകരിച്ചാലും ഏതാനും ആഴ്ചകള്‍ കഴിഞ്ഞാല്‍ മാത്രമേ ശരീരം രോഗ പ്രതിരോധം കൈവരിക്കുകയുള്ളൂ. മരണ നിരക്ക് കുറഞ്ഞു വരികയാണെങ്കിലും രോഗ നിരക്കും പ്രതിദിന രോഗികളുടെ എണ്ണവും കൂടി വരികയാണ്. ചില വ്യക്തികള്‍ക്ക് മാരക അവസ്ഥയില്‍ കൊവിഡ് ബാധയുണ്ടാകുന്നുണ്ട്.

സ്ഥിതിവിവര കണക്കുകള്‍ക്കപ്പുറമാണ് വ്യക്തിയുടെ ജീവന്റെ വില. അറിവ് വേണ്ടുവോളമുണ്ടെങ്കിലും തിരക്കുകള്‍ക്കിടയില്‍ ചിലപ്പോള്‍ നാം ചിട്ടകള്‍ മറന്നു പോവുന്നു. വ്യത്യസ്ത തലങ്ങളിലാണെങ്കിലും കൊവിഡിനോടുള്ള ജാഗ്രതയുടെ കാര്യത്തില്‍ ഒരുപോലെ ചിന്തിക്കേണ്ടവരാണ് നമ്മളെന്നും തെരഞ്ഞെടുപ്പ് യോഗങ്ങളിലും ഗൃഹസന്ദര്‍ശന വേളകളിലും അല്‍പ സമയം കൊവിഡ് ബോധവത്കരണത്തിനായി നീക്കിവെക്കാന്‍ ശ്രദ്ധിക്കണമെന്നും കലക്ടര്‍ രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ചു.