കണ്ണൂര്‍: ഹരിത തെരെഞ്ഞെടുപ്പിന്റെ പ്രചാരണാര്‍ഥം ജില്ലാ ശുചിത്വമിഷന്റെയും വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയായ സ്വീപിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചിത്രവിസ്മയവും, ചിത്രപ്രദര്‍ശനവും നടന്നു. കലക്ടറേറ്റ് പരിസരത്ത് നടന്ന പരിപാടി അസിസ്റ്റന്റ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു. കണ്ണാടിപ്പറമ്പ് ഗ്രാമകേളി കലാ തീയറ്ററിലെ കലാകാരനും പുല്ലൂപ്പി സ്വദേശിയുമായ കെ അനുജാണ് മരപ്പൊടിയില്‍ കാലു കൊണ്ട് ഗാന്ധിജിയുടെ രൂപം വരച്ച് ചിത്രവിസ്മയം തീര്‍ത്തത്.

കണ്ണാടിപ്പറമ്പ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയായ അനുജ് 2021 ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡും നേടിയിട്ടുണ്ട്. ഗ്രാമകേളി ക്ലബ്ബിലെ യുപി, ഹൈസ്‌കൂള്‍ തലത്തിലെ കുട്ടികള്‍ക്കായി ജില്ലാ ശുചിത്വ മിഷന്‍ സംഘടിപ്പിച്ച ഹരിത ഇലക്ഷന്‍ ചിത്രരചന മത്സരത്തിലെ ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു.

30 ഓളം കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ നിന്ന്  തെരെഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളാണ് പരിപാടിയോടനുബന്ധിച്ച് പ്രദര്‍ശിപ്പിച്ചത്.തെരഞ്ഞെടുപ്പ് ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫീസറും ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്ററുമായ പി എം രാജീവ്, അസി കോ-ഓര്‍ഡിനേറ്റര്‍ ഇ മോഹനന്‍, ഗ്രാമകേളി കലാ തീയറ്റര്‍ മാനേജര്‍ സി വിനോദ് കണ്ണാടിപ്പറമ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.