ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നീതിപൂര്‍വവും സമാധാനപരവുമായ വോട്ടെടുപ്പ് ഉറപ്പുവരുത്തുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച വെബ് കാസ്റ്റിങ് നിയന്ത്രിക്കുന്നതിനും തല്‍സമയം ബൂത്തിലെ ക്യാമറ കാഴ്ചകള്‍ കണ്ട് നടപടികള്‍ സ്വീകരിക്കുന്നതിനും ജില്ല തല കണ്‍ട്രോള്‍ റൂം ആരംഭിച്ചു. കോണ്‍ഫ്രന്‍സ് ഹാളിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക.
1206 ബൂത്തുകളിലായി വെബ് കാസ്റ്റിങ്ങിന് ആളെ നിയമിച്ചുകഴിഞ്ഞു. ഇവിടുത്തെ വീഡിയോകള്‍ തല്‍സമയം നിരീക്ഷിക്കുന്നതിന് കണ്‍ട്രോള്‍ റൂമില്‍ 75 ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമായ കംപ്യൂട്ടറും മറ്റ് അനുബന്ധ സൗകര്യങ്ങളും നല്‍കിയിട്ടുണ്ട്. വെബ് കാസ്ററിങ്ങിന്റെ ഒന്നാം ഘട്ട ട്രയല്‍ ശനിയാഴ്ച നടത്തി. ബൂത്തുകളില്‍ അക്ഷയ സെന്റര്‍ സഹായത്തോടെയാണ് വെബ്കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തിയത്.

കണ്‍ട്രോള്‍ റൂമില്‍ പഞ്ചായത്ത്, കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍, ഐ.ടി.മിഷന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് നിയോഗിച്ചിട്ടുള്ളത്. വെബ് കാസ്റ്റിങ് ഉള്ള ബൂത്തുകളില്‍ രാവിലത്തെ മോക് പോള്‍ മുതല്‍ വോട്ടെടുപ്പ് കഴിഞ്ഞ് വോട്ടിങ് മെഷീന്‍ സീല്‍ ചെയ്യുന്നതുവരെ വെബ് കാസ്റ്റിങ് തുടരും. ജില്ല കളക്ടര്‍ എ.അലക്സാണ്ടറുടെയും ഒബ്സര്‍വര്‍മാരുടെയും നേരിട്ടുള്ളി നിയന്ത്രണത്തിലായിരിക്കും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. ഇതില്‍ 50 പ്രശ്‌ന ബാധിത ബൂത്തുകളും 151 സെന്‍സിറ്റീവ് പോളിംഗ് ബൂത്തുകളും ഉള്‍പ്പെടും.

തിരഞ്ഞെടുപ്പ് ദിവസം ഉദ്യോഗസ്ഥര്‍ കണ്‍ട്രോള്‍ റൂമിലിരുന്ന് സംവിധാനങ്ങള്‍ നിരീക്ഷിക്കുകയും വെബ് കാസ്റ്റിംഗില്‍ എന്തെങ്കിലും തകരാറുകള്‍ സംഭവിച്ചാല്‍ ഉടന്‍ പരിഹരിക്കുകയും ചെയ്യും. ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്ത ബൂത്തുകളില്‍ സി.സി.ടി.വി. സൗകര്യമൊരുക്കിയിട്ടുണ്ട്. ഇന്റര്‍നെറ്റ്, വൈദ്യുതി എന്നിവയുടെ തടസ്സ രഹിതമായ സേവനം ഉറപ്പാക്കാന്‍ ബി. എസ്. എന്‍. എല്‍, കെ. എസ്. ഇ. ബി ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കാനും വെബ് കാസ്റ്റിംഗ് സംവിധാനത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ പോളിംഗ് ബൂത്തുകളില്‍ ഉറപ്പ് വരുത്താനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.