വയനാട്:  നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുറ്റമറ്റ രീതിയില്‍ വോട്ടെടുപ്പ് നടത്തുന്നതിനായി ജില്ലയില്‍ ശക്തമായ പോലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാര്‍ അറിയിച്ചു.
ജില്ലയിലെ ഓരോ സ്റ്റേഷന്‍ പരിധിയിലും ക്രമസമാധാന ചുമതലയുള്ള രണ്ടു പട്രോളിങ് വീതവും ബൂത്ത് കേന്ദ്രീകരിച്ച് 40 ഗ്രൂപ്പ് പട്രോളങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ജില്ലയില്‍ 6 ഡി.വൈ.എസ്.പിമാര്‍, 21 പോലീസ് ഇന്‍സ്‌പെക്ടര്‍മാര്‍, 217 എസ്.ഐ/എ.എസ്.ഐ മാര്‍, 974 എസ്.സി.പി.ഒ/ സി.പി.ഒ, 11 അര്‍ദ്ധസൈനിക കമ്പനികളില്‍ നിന്നായി 1004 സി.എ.പി.എഫ് ഉദ്യോഗസ്ഥര്‍, 527 സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ രംഗത്ത്. ഇതില്‍ സി.ബി.സി.ഐ.ഡി, വിജിലന്‍സ്, എക്‌സൈസ്, ഫോറെസ്റ്റ്, സായുധ സേനാ ബറ്റാലിയനുകള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.

ജില്ലാ പോലീസ് മേധാവിയുടെ ഒരു സ്‌ട്രൈക്കിങ് ഫോഴ്‌സ് സജ്ജമാക്കിയിടുണ്ട്. കൂടാതെ സംസ്ഥാന പോലീസ് മേധാവി, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി, സോണല്‍ ഐ.ജി, റേഞ്ച് ഡി.ഐ.ജി എന്നിങ്ങനെയും സ്‌ട്രൈക്കിങ് ഫോഴ്‌സിനെ നിയോഗിച്ചു. എല്ലാ എസ്എച്ച്ഓ മാരുടെ കീഴിലും 4 ഇലക്ഷന്‍ സബ്ബ് ഡിവിഷനിലും സ്‌ട്രൈക്കിങ് ഫോഴ്‌സുകളുണ്ടാവും. നിലവിലെ 3 പോലീസ് സബ്ബ് ഡിവിഷനുകള്‍ക്ക് പുറമെ പുതുതായി രൂപീകരിച്ച കേണിച്ചിറ ഇലക്ഷന്‍ സബ്ബ് ഡിവിഷന്‍ ഉള്‍പ്പെടുത്തിയാണിത്.

തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം, ഇലക്ഷന്‍ സെല്‍, എന്നിവ ജില്ലാ പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
പോലീസ് സബ്ബ് ഡിവിഷന്‍ തലത്തില്‍ 8 ഇന്‍വെസ്റ്റിഗേഷന്‍ ടീമുകള്‍ പ്രവര്‍ത്തിക്കും. ഓരോ ബൂത്തുകളിലും വോട്ടെടുപ്പ് ഡ്യൂട്ടിക്കയി പോലീസിനെ നിയോഗിച്ചിട്ടുണ്ട്.ജില്ലയിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലകളിലെ ബൂത്തുകളില്‍ സുഗമമായ വേട്ടെടുപ്പ് നടക്കുന്നതിന് വേണ്ടി പോലീസ് പ്രത്യേക സുരക്ഷാ ക്രമികരണങ്ങള്‍ ഏര്‍പ്പെടുത്തി.

മാവോയിസ്റ്റ് സാന്നിധ്യമുള്ള ബൂത്തുകളിലും പ്രശ്‌നബാധിത ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലകളില്‍ പ്രത്യേക പോലീസ് പട്രോളിങ് ഏര്‍പ്പെടുത്തും. കേന്ദ്ര സേനകളെ അടക്കം ഈ മേഖലകളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. മാവോയിസ്റ്റ് സാന്നിധ്യമുള്ള ബൂത്തുകളില്‍ ആയുധധാരികളായ അര്‍ദ്ധസൈനികരെ വിന്യസിച്ചിട്ടുണ്ട്.വോട്ടിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ശക്തമായ സുരക്ഷാ ഒരുക്കിയിട്ടുണ്ട്.