കണ്ണൂർ: 80 വയസ്സ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൊവിഡ്/ക്വാറന്റൈന്‍ വോട്ടര്‍മാര്‍ക്കും ഏര്‍പ്പെടുത്തിയ തപാല്‍ വോട്ട് സംവിധാനത്തിലൂടെ ജില്ലയില്‍ വോട്ട് രേഖപ്പെടുത്തിയത് 96.3% പേര്‍. പോളിംഗ് കേന്ദ്രങ്ങളില്‍ എത്തിച്ചേരാനുള്ള ബുദ്ധിമുട്ടും കൊവിഡ് സാഹചര്യവും കണക്കിലെടുത്താണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് തപാല്‍ വോട്ട് സൗകര്യം ഏര്‍പ്പെടുത്തിയത്.

മൂന്നു വിഭാഗങ്ങളിലുമായി പോസ്റ്റല്‍ ബാലറ്റ് നല്‍കിയ 35445 പേരില്‍ 34140 പേര്‍ വോട്ട് ചെയ്തു. 80 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ 96.5 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ഈ വിഭാഗത്തില്‍ നിന്ന് ഫോറം 12ഡിയില്‍ അപേക്ഷ നല്‍കിയ 30395 പേരില്‍ 29337 പേരാണ് വോട്ട് ചെയ്തത്.

ഭിന്നശേഷിക്കാരില്‍ പോസ്റ്റല്‍ ബാലറ്റ് അനുവദിച്ച 4987 പേരില്‍ 4742 പേര്‍ വോട്ട് ചെയ്തു- 95% പേര്‍. കൊവിഡ് രോഗികള്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും ഏര്‍പ്പെടുത്തിയ തപാല്‍ വോട്ടിലൂടെ അപേക്ഷിച്ചവരില്‍ 96.8% പേര്‍ വോട്ട് ചെയ്തു. ഇവരില്‍ പോസ്റ്റല്‍ ബാലറ്റ് അനുവദിച്ച 63 പേരില്‍ 61 പേര്‍ വോട്ട് രേഖപ്പെടുത്തി.