മലപ്പുറം:  ജില്ലയില്‍ പോളിങ് ബൂത്തുകളിലെ ജോലി നിര്‍വഹിക്കുന്നതിന് 44368 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. പ്രിസൈഡിങ് ഓഫീസര്‍മാരായി 6338 ഉദ്യോഗസ്ഥരെയും ഫസ്റ്റ് പോളിങ് ഓഫീസര്‍മാരായി 6338 ഉദ്യോഗസ്ഥരെയും പോളിങ് ഓഫീസറായി 15880 ഉദ്യോഗസ്ഥരെയും പോളിങ് അസിസ്റ്റന്റുമാരായി 15812 ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിട്ടുള്ളത്. ഇവര്‍ക്കെല്ലാം കോവിഡ് വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പിനും ലോക്സഭ ഉപതെരഞ്ഞെടുപ്പിനുമായി ജില്ലയിലാകെ 4875 പോളിങ് ബൂത്തുകളില്‍ ആയിരത്തില്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്തുകളെ കോവിഡ് പ്രോട്ടോകോളിന്റെ ഭാഗമായി രണ്ടായി വിഭജിച്ചതിനാല്‍ ഇത്തവണ 2122 ബൂത്തുകള്‍ അധികമായിട്ടുണ്ട്. ഈ അധിക ബൂത്തുകളിലേക്ക് നാലു പേരെ വീതം തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിച്ചിട്ടുണ്ട്. ഇതോടെ 8488 അധിക ജീവനക്കാരുമാണുള്ളത്. ലോക്സഭ ഉപതെരഞ്ഞെടുപ്പിനായി സജ്ജീകരിക്കുന്ന 2143 പോളിങ് ബൂത്തുകളിലേക്കായി രണ്ട് വീതം ഉദ്യോഗസ്ഥരെയും ഇത്തവണ അധികമായി അനുവദിച്ചിട്ടുണ്ട്. ഈ വിഭാഗത്തില്‍ അധികമായി നിയോഗിച്ചത് 4286 ജീവനക്കാരെയാണ്.

80 വയസ്സിന് മുകളിലുള്ളവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് ബാധിതര്‍ എന്നിവരുടെ വോട്ടുകള്‍ വീട്ടില്‍ ചെന്ന് രേഖപ്പെടുത്തുന്നതിനായി ജില്ലയില്‍ മൈക്രോ ഒബ്സര്‍വര്‍മാര്‍ ഉള്‍പ്പെടെ 1005 ജീവനക്കാരെ പ്രത്യേക പോളിങ് ഓഫീസര്‍മാരായും ചുമതലപ്പെടുത്തിയിരുന്നു. വോട്ടുചെയ്യാനെത്തുന്നവരുടെ താപനില പരിശോധിക്കുന്നതിനും സാനിറ്റൈസിങിനുമായി ഓരോ ബൂത്തിലും അധികമായി ഒരാള്‍ കൂടി സേവനത്തിനുണ്ടാകും. ജില്ലയിലാകെ 4875 പോളിങ് ബൂത്തുകളുള്ളതിനാല്‍ തെരഞ്ഞെടുപ്പ് ജോലികളില്‍ ഈ വിഭാഗത്തില്‍ 4875 പേരും അധികമായുണ്ടാകും.