കാക്കനാട്: ഒരു മാസത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അന്തിമ ഒരുക്കങ്ങളിൽ ഉദ്യോഗസ്ഥർക്ക് ആവേശം പകർന്ന് കളക്ടർ എസ്.സുഹാസ്. പോളിംഗ് ഡ്യൂട്ടിയിലുള്ള ജീവനക്കാരോടൊപ്പം ബൂത്തിൽ ചിലവഴിച്ചാണ് തൻ്റെ പിന്തുണ കളക്ടർ അറിയിച്ചത്. കൊച്ചി മണ്ഡലത്തിലെ രാമൻ തുരുത്ത് ബൂത്തിലെത്തിയ അദ്ദേഹം പോളിംഗ് ഉദ്യോഗസ്ഥരോടൊപ്പം രാത്രി ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.

വൈകീട്ട് ഏഴരയോടെയാണ് കളക്ടർ രാമൻ തുരുത്തിലെ ബൂത്തിലെത്തിയത്. ഇവിടെ പോളിംഗ് ഓഫീസർമാർ അദ്ദേഹത്തെ സ്വീകരിച്ചു. ബൂത്ത് പരിശോധിച്ച അദ്ദേഹം ഉദ്യോഗസ്ഥരോട് സൗകര്യങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു.

ജനാധിപത്യത്തിൻ്റെ വിജയത്തിനായുള്ള ജീവനക്കാരുടെ പ്രവർത്തനം വിലയേറിയതാണെന്ന് കളക്ടർ പറഞ്ഞു. ഒരു മാസം നീണ്ടു നിന്ന പ്രവർത്തനങ്ങളാണ് പൂർത്തിയാക്കിയത്. വിജ്ഞാപനം വരുന്നതിനു മുമ്പേ തിരഞ്ഞെടുപ്പ് വിഭാഗം ജോലി തിരക്കുകളിലേക്ക് മാറിയിരുന്നു. ഊണും ഉറക്കവും ഉപേക്ഷിച്ചുള്ള പ്രവർത്തനങ്ങളാണ് പല ഉദ്യോഗസ്ഥരും നടത്തിയത്. ഇക്കുറി കോവിഡ് കാരണവും മറ്റും തിരഞ്ഞെടുപ്പ് പല രീതിയിലാണ് പൂർത്തിയാക്കിയത്.

ആബ്സൻ്റീ വോട്ടേഴ്സിനുള്ള വോട്ടെടുപ്പ് , അവശ്യ സർവീസുകാർക്ക്, പോളിംഗ് ഡ്യൂട്ടിയിലുള്ളവർക്ക് തുടങ്ങി മൂന്ന് രീതിയിൽ വോട്ടെടുപ്പ് നേരത്തെ തുടങ്ങി. ഇതിനെല്ലാം കൃത്യമായും ചിട്ടയോടെയും ജീവനക്കാർ പ്രവർത്തിച്ചു. ഇക്കാരണത്താൽ ഇതെല്ലാം വിജയകരമായി പൂർത്തീകരിച്ചു. ഇത് കൂടാതെ അനുബന്ധ ബൂത്തുകൾ ഒരുക്കേണ്ട സാഹചര്യവുമുണ്ടായി. ഇതും ജീവനക്കാർ കൃത്യമായി നിറവേറ്റി
ഇപ്പോഴും ഉദ്യോഗസ്ഥർ അവരുടെ കർത്തവ്യത്തിൽ തന്നെയാണ്. തിരഞ്ഞെടുപ്പ് വിജയത്തിൽ ജീവനക്കാരുടെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.