ജില്ലയിലാകെ 1292 ബൂത്തുകള്‍, 6460 ബൂത്ത് തല ഉദ്യോഗസ്ഥര്‍

ഇടുക്കി: നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് സാമഗ്രികളും ഉദ്യോഗസ്ഥരും പോളിങ് ബൂത്തിലെത്തി. നാളെ രാവിലെ ഏഴു മുതല്‍ വോട്ടെടുപ്പ് നടക്കും. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലേക്കുമായി അഞ്ച് കേന്ദ്രങ്ങളില്‍ നിന്നുമായാണ് പോളിംഗ് സാമഗ്രികളുടെ വിതരണം ക്രമീകരിച്ചിരുന്നത്. ഇന്ന്‌ രാവിലെ എട്ട് മണി മുതല്‍ ഇടുക്കി – എം.ആര്‍.എസ്. പൈനാവ്, പീരുമേട് – മരിയഗിരി ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസ് പീരുമേട്, തൊടുപുഴ – ന്യൂമാന്‍ കോളേജ് തൊടുപുഴ, ദേവികുളം – ജിവിഎച്ച്എസ്എസ് മൂന്നാര്‍, ഉടുമ്പന്‍ചോല – സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ് നെടുങ്കണ്ടം എന്നീ വിതരണ കേന്ദ്രങ്ങളിലെത്തി പോളിംഗ് ബൂത്തുകളിലെ ഉദ്യോഗസ്ഥര്‍ സാമഗ്രികള്‍ കൈപ്പറ്റി. റിട്ടേണിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തിലായിരുന്നു വിതരണം.

ഒരു ബൂത്തിലേക്ക് പ്രിസൈഡിംഗ് ഓഫീസര്‍, ഒന്നാം പോളിംഗ് ഓഫീസര്‍, രണ്ടാം പോളിംഗ് ഓഫീസര്‍, മൂന്നാം പോളിംഗ് ഓഫീസര്‍, പോളിംഗ് അസിസ്റ്റന്റ് എന്നിങ്ങനെ അഞ്ച് ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ജില്ലയിലാകെ 6460 ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇതോടൊപ്പം ആവശ്യമായി വന്നാല്‍ ബൂത്തുകളിലേക്ക് അയക്കുന്നതിനായി പരിശീലനം നല്‍കിയ ഉദ്യോഗസ്ഥരെ മണ്ഡലം തലത്തില്‍ റിസര്‍വ്വ് ചെയ്തിട്ടുണ്ട്.

ജില്ലയില്‍ ആകെ 1292 ബൂത്തുകളാണുള്ളത്. ബൂത്തുകളുടെ എണ്ണം, നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം (ബ്രാക്കറ്റില്‍) എന്നിവ മണ്ഡലം തിരിച്ച്. ഉടുമ്പന്‍ചോല – 232 (1160), ദേവികുളം – 254 (1270), ഇടുക്കി – 274 (1370), തൊടുപുഴ – 271 (1355), പീരുമേട് – 261 (1305). ഇതിന് പുറമേ ഓരോ ബൂത്തിലും സുരക്ഷാ ചുമതലയുള്ള ഒരോ പോലീസ് ഉദ്യോഗസ്ഥരും ബൂത്ത് ലെവല്‍ ഓഫീസര്‍മാരും ഉണ്ടാവും. വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്ന ബൂത്തുകളില്‍ അതിന് അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാരുമുണ്ടാകും.

കൊവിഡ് മാനദണ്ഡം പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. പോളിംഗ് ദിവസം വൈകിട്ട് ആറു മണി മുതല്‍ ഏഴു മണി വരെ മറ്റ് വോട്ടര്‍മാര്‍ പോയ ശേഷം കൊവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാനും അവസരമുണ്ട്.

ദേവികുളം മണ്ഡലത്തിലെ പോളിംഗ് ബൂത്തുകളിലേക്കാവശ്യമായ പോളിംഗ് സാമഗ്രികളുടെ വിതരണം മൂന്നാര്‍ എഞ്ചിനിയറിംഗ് കോളേജിലായിരുന്നു. തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ എത്തി പോളിംഗ് സാമഗ്രികള്‍ ഏറ്റ് വാങ്ങി. ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ 254 ബൂത്തുകള്‍ മണ്ഡലത്തില്‍ ക്രമീകരിച്ചിട്ടുള്ളതായി വരണാധികാരിയും ദേവികുളം സബ് കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. ഇടമലക്കുടിയിലേക്കുള്ള പോളിംഗ് സാമഗ്രികളായിരുന്നു മൂന്നാറില്‍ നിന്നും ആദ്യം അയച്ചത്.

ഇടമലക്കുടിയില്‍ 4 ബൂത്തുകളാണ് ക്രമീകരിച്ചിട്ടുള്ളത്.169309 വോട്ടര്‍മാരാണ് ആകെ ദേവികുളം മണ്ഡലത്തിലുള്ളത്.