ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിൽ ജില്ലയിൽ 74.75 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെയുള്ള 17,82,900 വോട്ടർമാരിൽ 13,32,765 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ 6,44,500 പുരുഷന്മാരും 6,88,263 സ്ത്രീകളും ഉൾപ്പെടുന്നു. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 79.84 ശതമാനമായിരുന്നു പോളിങ്. ആകെയുള്ള 4 ട്രാൻസ്ജെൻഡർ വോട്ടർമാരിൽ 2 പേരും വോട്ട് രേഖപ്പെടുത്തി.

ജില്ലയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിൽ ചേർത്തല മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്.(80.74 %). ഏറ്റവും കുറവ് ചെങ്ങന്നൂർ മണ്ഡലത്തിലാണ് (69.10 %).

ജില്ലയിൽ 60 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. അരൂർ-9, ചേർത്തല-8, ആലപ്പുഴ-6, അമ്പലപ്പുഴ-6, കുട്ടനാട്-5, ഹരിപ്പാട്-5, കായംകുളം-8, മാവേലിക്കര-6, ചെങ്ങൂർ-7 വീതം സ്ഥാനാർഥികളാണുണ്ടായിരുന്നത്. മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം. ബ്രായ്ക്കറ്റിൽ യഥാക്രമം 2016ലെ നിയമസഭ, 2019 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പോളിങ് ശതമാന കണക്ക്.

അരൂർ- 80.42 % (85.43%, 83.67%)

ചേർത്തല- 80.74 % (86.3%, 84.98%)

ആലപ്പുഴ- 76.31 % (80.03%, 80.44%)

അമ്പലപ്പുഴ- 74.72 % (78.52%, 78.43%)

കുട്ടനാട്- 72.25 %(79.21%, 76.28%)

ഹരിപ്പാട്- 74.20 %(80.38%, 78.16%)

കായംകുളം-73.34 %(78.19%, 76.55%)

മാവേലിക്കര- 71.18 %(76.17%, 74.53%)

ചെങ്ങന്നൂർ- 69.10 %(74.36%, 70.19%)

സുഗമവും സമാധാനപരവുമായാണ് ജില്ലയിലെ വോട്ടിംഗ് പൂർത്തിയായത്. രാവിലെ 5.30ന് ആരംഭിച്ച മോക് പോളിന് ശേഷം ഏഴിന് വോട്ടിങ് ആരംഭിച്ചു. വോട്ടെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറിൽ 6.93 ശതമാനം പോളിങ് രേഖപ്പെടുത്തി. പത്തുമണിയോടെ തന്നെ ജില്ലയിലെ പോളിങ് 21.81 ശതമാനമായി ഉയർന്നു. പതിനൊന്ന് മണിയോടെ പോളിങ് 30 ശതമാനം കടന്നു. ഉച്ചക്ക് ഒന്നരയോടെ മൊത്തം വോട്ടുകളുടെ പകുതി വോട്ടുകൾ പോൾ ചെയ്തു.

മൂന്നരയോടെ 60 ശതമാനവും അഞ്ചരയോടെ 71.85 ശമതാനവും വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. വൈകീട്ട് 6.30 വരെ 74.16 ശതമാനം വോട്ടുകളാണ് ജില്ലയിൽ ആകെ രേഖപ്പെടുത്തിയത്. ജില്ലയിൽ ഉച്ചയ്ക്ക് ശേഷമാണ് സ്ത്രീ വോട്ടർമാർ കൂടുതലായി വോട്ട് രേഖപ്പെടുത്താൻ എത്തിയത്. ഉച്ചയ്ക്ക് 12.30 വരെ 46.07 ശതമാനം പുരുഷന്മാരും 38.58 ശതമാനം സ്ത്രീകളും എന്ന രീതിയിൽ തുടർന്ന വോട്ടെടുപ്പ് ഉച്ചയ്ക്ക് ശേഷം സ്ത്രീ വോട്ടർമാർ കൂടുതലായി എത്തിയതോടെ പുരുഷ സ്ത്രീ വോട്ടർമാരുടെ അനുപാതം ഒരേ രീതിയിൽ ഉയർന്നു. വോട്ടിങ് അവസാനിച്ചപ്പോൾ മൊത്തം പുരുഷ വോട്ടർമാരിൽ 75.75 ശതമാനവും സ്ത്രീ വോട്ടർമാരിൽ 73.83 ശതമാനവും വോട്ട് രേഖപ്പെടുത്തി.

വിവി പാറ്റുകൾക്ക് ചിലയിടങ്ങളിൽ സാങ്കേതികത്തകരാർ വന്നതിനെത്തുടർന്ന് ഏതാനും പോളിങ് സ്റ്റേഷനുകളിൽ വോട്ടിങ് കുറച്ചു നേരം വൈകി. ഹരിപ്പാട് മണ്ഡലത്തിലെ കിഴക്കേക്കര ആത്മവിദ്യ സംഘം എൽ.പി.എസിലെ 108 നമ്പർ ബൂത്ത്, ചേർത്തല വെട്ടക്കൽ എസ് എൻ ഡി പി ബിൽഡിംഗ് 7 എ, അരൂർ എരമല്ലൂർ സാന്താക്രൂസ് പബ്ലിക് സ്‌കൂൾ ബൂത്ത് 64 എ, കുട്ടനാട് ഈര എൻ എസ് എസ് ഹൈസ്‌കൂൾ ബൂത്ത് 30, കായംകുളം പുതിയവിള കൊപ്പരേത്ത് ഹൈസ്‌ക്കൂളിലെ ബൂത്ത് 106 തുടങ്ങിയ ഇടങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങൾക്ക് തകരാർ കണ്ടെത്തിയെങ്കിലും ഉടൻ പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചു.

വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തിയ പ്രശ്നബാധിത ബൂത്തുകളിലടക്കം അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. ജില്ല കളക്ടർ എ. അലക്‌സാണ്ടറുടെ നേതൃത്വത്തിൽ ജില്ലയിലെ വോട്ടെടുപ്പ് പുരോഗതിയും വെബ്കാസ്റ്റിംഗും കളക്‌ട്രേറ്റിലെ കൺട്രോൾ റൂമിലൂടെ നിരീക്ഷിച്ചിരുന്നു. കോവിഡ് പോസിറ്റീവായവരും നിരീക്ഷണത്തിൽ കഴിയുന്നവരും വൈകിട്ട് ആറിനു ശേഷം വോട്ട് രേഖപ്പെടുത്തി.

പോളിങ് വിവരങ്ങൾ കൂടുതൽ വേഗത്തിലും, സുഗമവും ആക്കുന്നതിനായി നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററിന്റെ നേതൃത്വത്തിൽ ജില്ലയിൽ പോൾ മാനേജർ ഡിജിറ്റൽ സംവിധാനവും പ്രവർത്തിച്ചു. വോട്ടിംഗ് സമയങ്ങളിൽ ഓരോ ബൂത്തുകളിൽ നിന്നുള്ള വോട്ടിങ് ശതമാനം കൃത്യമായ ഇടവേളകളിൽ ഈ ആപ്പിലൂടെയാണ് ഉദ്യോഗസ്ഥർക്ക് നൽകിയത്.

ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലെയും പോളിങ് പുരോഗതിയും വോട്ടിങ് യന്ത്രങ്ങളുടെ പ്രവർത്തനവും വിലയിരുത്തുന്നതിനായി ഇൻഫർമാറ്റിക്‌സ് സെന്ററിൽ പ്രത്യേക സംവിധാനവും കൺട്രോൾ റൂമും പൂർണ്ണ സജ്ജമായിരുന്നു. ജില്ല ഇൻഫർമേഷൻ ഓഫീസ് അരമണിക്കൂർ ഇടവിട്ട് പോളിങ് ശതമാനം മാധ്യമങ്ങൾക്ക് ലഭ്യമാക്കി. വോട്ടിങ് യന്ത്രങ്ങൾ അതത് മണ്ഡലങ്ങളിലെ സ്‌ട്രോംങ് റൂമുകളിലേക്ക് മാറ്റി.