പത്തനംതിട്ട: മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായുള്ള ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ക്ക് പത്തനംതിട്ട ജില്ലയില്‍ തുടക്കമായി. ആരോഗ്യ ജാഗ്രതയുമായി ബന്ധപ്പെട്ട് ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍, ഉദ്യോഗസ്ഥര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി നടത്തിയ ഏകദിന ശില്‍പശാല അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ഇ. മുഹമ്മദ് സഫീര്‍ ഉദ്ഘാടനം ചെയ്തു.

എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ഇ. വിനോദ് കുമാര്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷ് എന്നിവര്‍ കാമ്പയിന്‍ ആക്ഷന്‍ പ്ലാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എല്‍. ഷീജ, ഡെപ്യൂട്ടി ഡിഎംഒ ഡോ.സി.എസ് നന്ദിനി. ഡോ.പി.അജിത എന്നിവര്‍ ആരോഗ്യ ജാഗ്രതാ ക്ലാസുകളും നയിച്ചു.

ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം’ എന്ന പേരില്‍ നടപ്പാക്കുന്ന ഈ വര്‍ഷത്തെ കാമ്പയിനില്‍ ബന്ധപ്പെട്ട വിവിധ വകുപ്പ് മേധാവികളെ ഉള്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വൈസ് ചെയര്‍മാനും ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കണ്‍വീനറുമായ ജില്ലാതല കോര്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളും ഉദ്യോഗസ്ഥരും പൊതുജന പങ്കാളിത്തം ഉറപ്പാക്കി ജില്ലയിലാകെ നീണ്ടുനില്‍ക്കുന്ന പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ കാമ്പയിനുകള്‍ സംഘടിപ്പിക്കുകയും ഇതര വകുപ്പുകള്‍, ഏജന്‍സികള്‍, മിഷനുകള്‍, ബഹുജന പ്രസ്ഥാനങ്ങള്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും വേണം.

എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും വാര്‍ഡുതല ആരോഗ്യശുചിത്വ പോഷണ സമിതികള്‍ യോഗം ചേരണം. ശുചിത്വ സ്‌ക്വാഡുകള്‍ക്ക് രൂപം നല്‍കി മാപ്പിംഗ് നടത്തുകയും വാര്‍ഡുതല മൈക്രോപ്ലാനുകള്‍ തയാറാക്കി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വേണം. കോവിഡ് വൈറസ് രണ്ടാം തരംഗം ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളുടെ ഭീഷണിയുള്ള സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പൊതുസ്ഥല ശുചീകരണം, ഗാര്‍ഹിക പരിസര ശുചീകരണം എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും.

വീടുകളിലേയും സ്ഥാപനങ്ങളിലേയും മാലിന്യ പരിപാലനം പൊതുസ്ഥലങ്ങളിലെ കൊതുക് നിവാരണം, മലിനജലം ശാസ്ത്രീയമായി സംസ്‌കരിക്കല്‍, ജലസ്രോതസുകളുടെ ശുചീകരണം, വിദ്യാര്‍ഥികള്‍ മുഖേനയുള്ള കാമ്പയിനുകള്‍, വിവിധ പരിശീലന പരിപാടികള്‍, പാഴ് വസ്തു സമാഹരണ യജ്ഞം, ഹരിത കര്‍മ്മസേന മുഖേനയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ കാമ്പയിന്റെ ഭാഗമായി നടത്തും.
ശില്‍പശാലയില്‍ തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍, ഉപാധ്യക്ഷന്മാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, ആരോഗ്യവിഭാഗം-ഹരിതകേരളം മിഷന്‍-മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്, സെക്രട്ടറിമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

ആരോഗ്യ ജാഗ്രത കാമ്പയിനില്‍ ഉള്‍പ്പെടുന്ന പ്രധാന ഘടകങ്ങളും ലക്ഷ്യങ്ങളും:
വീടും സ്ഥാപനങ്ങളും പൊതുഇടങ്ങളും മാലിന്യമുക്തമാക്കുക, അതിലൂടെ പകര്‍ച്ചവ്യാധികളെ തടയുക. മാലിന്യം കത്തിക്കുന്നവര്‍ക്കെതിരെയും വലിച്ചെറിയുന്നവര്‍ക്കെതിരെയും നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ചും തദ്ദേശ പ്ലാസ്റ്റിക് മാലിന്യ പരിപാലന ഉപനിയമാവലി പ്രകാരവും നടപടി സ്വീകരിക്കുക.

മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനും സംസ്‌കരണം ശാസ്ത്രീയമാക്കുന്നതിനും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുക. ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തി വാതില്‍പ്പടി ശേഖരണം ശക്തമാക്കിയും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു കൊണ്ടും ക്ലീന്‍ കേരള കമ്പനി മുഖേന പാഴ് വസ്തുക്കള്‍ കയ്യൊഴിയുക. ഉറവിട മാലിന്യസംസ്‌കരണം പ്രോത്സാഹിപ്പിക്കുകയും അതിനാവശ്യമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുയും ചെയ്യുക.

മാലിന്യം തരംതിരിക്കുന്നതിനുള്ള പ്രചാരണ പ്രവര്‍ത്തനം ശക്തമാക്കുക. മാലിന്യ സംസ്‌കരണ നിയമലംഘനം കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനം സ്‌ക്വാഡുകളുടെ രൂപീകരണം എന്നിവ ശക്തിപ്പെടുത്തുക. ഡ്രൈ ഡേ ആചരിക്കലിലൂടെ കൊതുക് വിമുക്ത വീടുകള്‍ എന്ന ആശയം നടപ്പാക്കുക.