പരിശോധന വർധിപ്പിക്കും

എറണാകുളം: കോവിഡ് രോഗപ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ജില്ലയില്‍ പ്രതിദിന കോവിഡ് പരിശോധനകളുടെ എണ്ണം 12000മായി വര്‍ദ്ധിപ്പിക്കും. രണ്ടാഴ്ചക്കുള്ളിൽ ജില്ലയിൽ 45 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ പേർക്കും വാക്സിനേഷനുള്ള സൗകര്യം ഒരുക്കും. പ്രതിദിനം മുപ്പതിനായിരം പേർക്ക് വാക്സിനേഷന്‍ ലക്ഷ്യമിട്ടാണ് ആരോഗ്യവിഭാഗത്തിന്‍റെ ജില്ലയിലെ പ്രവര്‍ത്തനം. പൊതു, സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും.

വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരുടെ കോവിഡ് പരിശോധന ശക്തമാക്കും. ജില്ലാ കളക്ടര്‍ എസ്. സുഹാസിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗത്തിലാണ് തീരുമാനം. തൊട്ടടുത്ത ആഴ്ചകളിൽ ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. രോഗികളായി തുടരുന്നവരുടേയും ഐ.സി.യുവിൽ പ്രവേശിപ്പിക്കുന്നവരുടേയും എണ്ണത്തിൽ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ വർധനവുണ്ടായി.

തൊഴിലിടങ്ങളില്‍ എത്തിയുള്ള ആരോഗ്യവകുപ്പിന്‍റെ മെഗാ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കും. ആലുവ ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കുന്നതിനായുള്ള സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ പരിശോധന ശക്തമാക്കും. യാത്രക്കാർക്കിടയിലെ പരിശോധന വ്യാപിപ്പിക്കും.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റെറുകള്‍ തുറക്കും.

ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍.കെ കുട്ടപ്പന്‍, ജില്ലാ റൂറല്‍ പോലീസ് മേധാവി കെ. കാര്‍ത്തിക്, ജില്ലാ വികസന കമ്മീഷ്ണര്‍ അഫ്സാന പര്‍വീണ്‍, ദേശീയ ആരോഗ്യദൗത്യം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മാത്യുസ് നുമ്പേലി, അഡീ. ഡി.എം.ഒ ഡോ. എസ്. ശ്രീദേവി, കളമശ്ശേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍, എന്നിവര്‍ പങ്കെടുത്തു.