കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്തുതല കമ്മിറ്റികള്‍ അഞ്ചു പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിഞ്ഞ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് താഴെതട്ടില്‍ നേതൃത്വം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കൂടുതല്‍ ജാഗ്രതയോടെ കോവിഡ് പ്രതിരോധത്തില്‍ പങ്കാളികളാകാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി കക്ഷികളോട് ജില്ലാ കലക്ടര്‍ സഹകരണം അഭ്യര്‍ത്ഥിച്ചു.
തിരഞ്ഞെടുപ്പിനുശേഷം കോവിഡ് വ്യാപനം രൂക്ഷമാകുമെന്നുള്ള ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് വിവിധ പാര്‍ട്ടികളുടെ ബൂത്തുതല കമ്മിറ്റികളെ ഉപയോഗിച്ച് വീടുകള്‍ തോറും ബോധവത്കരണം ശക്തമാക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും ലക്ഷ്യമിടുന്നത്.
സന്നദ്ധ പ്രവര്‍ത്തകരായുള്ള 10 പേരെയെങ്കിലും ബൂത്തുതല കമ്മിറ്റികളില്‍ നിന്നും ഉള്‍പ്പെടുത്തി അതത് വാര്‍ഡ്, പ്രദേശങ്ങളില്‍ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ നടത്തുണമെന്നാണ് നിര്‍ദ്ദേശം. പ്രവര്‍ത്തനങ്ങളോട് എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സഹകരണം അറിയിച്ചു.
ബൂത്തുതല പ്രതിനിധികളെ കൂടാതെ ക്ലബ്ബുകളെയും സന്നദ്ധ സംഘടനകളെയും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ നിര്‍ദ്ദേശിച്ചു. സന്നദ്ധ പ്രവര്‍ത്തകര്‍ ഒരു ദിവസം ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദേ്യാഗസ്ഥര്‍ എന്നിവരോടൊപ്പം സജീവ പങ്കാളിത്തം വഹിക്കണം. 3213 ബൂത്തുകളിലായി എല്ലാ മുന്നണികളും 10 പേരെ വീതം സന്നദ്ധ പ്രവര്‍ത്തനത്തിന് നിയോഗിച്ചാല്‍ ഒരുലക്ഷത്തില്‍ കുറയാത്ത പ്രവര്‍ത്തകരെ സേവനത്തിന് ലഭ്യമാക്കാന്‍ കഴിയും. കൂട്ടായ പ്രവര്‍ത്തനം ഒരു വലിയ സന്ദേശവും ഫലപ്രദമായ ഇടപെടലുമായി മാറുകയും ചെയ്യും – കലക്ടര്‍ വിശദീകരിച്ചു.
തിരഞ്ഞെടുപ്പിന് ശേഷമുള്ള കോവിഡിന്റെ രണ്ടാംവരവ് ജില്ലയില്‍ രൂക്ഷമാകാനുള്ള സാധ്യത മുന്നില്‍ കണ്ട് താഴെത്തട്ടിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും. 45 വയസിനു മുകളിലുള്ളവരെല്ലാം കോവിഡ് വാക്സിന് സ്വീകരിക്കാനുള്ള ബോധവത്കരണവും ഇതോടൊപ്പം നടത്തും. കൂടുതല്‍ സമ്പര്‍ക്കം ഉണ്ടാകാന്‍ സാധ്യതയുള്ള അവശ്യ സേവന മേഖലയില്‍ ജോലി ചെയ്യുന്ന പ്രായപൂര്‍ത്തിയായ എല്ലാവര്ക്കും വാക്സിന് സ്വീകരിക്കാം. ദിവസം 20,000 വാക്സിനേഷന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
എല്ലാ പ്രാഥമിക-സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും താലൂക്ക് ആസ്ഥാന ആശുപത്രികളിലും, ആശ്രാമം ഹോക്കി സ്റ്റേഡിയത്തിലും വാക്സിനേഷനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഏപ്രില്‍ 12 ന് കുണ്ടറ താലൂക്ക് ആശുപത്രി, പാലത്തറ, ഓച്ചിറ, നിലമേല്‍, കുളത്തൂപ്പുഴ, തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും 13 ന് നെടുമണ്‍കാവ്, വെളിനല്ലൂര്‍, കുളക്കട, പത്തനാപുരം, കലയ്ക്കോട്, മൈനാഗപ്പള്ളി എന്നിവിടങ്ങളിലും 14 ന് അഞ്ചല്‍, ശൂരനാട് നോര്‍ത്ത്, പാലത്തറ, ഓച്ചിറ, കുളക്കട, നിലമേല്‍ എന്നിവിടങ്ങളിലും 15 ന് കുണ്ടറ താലൂക്ക് ആശുപത്രി, കുളത്തൂപ്പുഴ, തൃക്കടവൂര്‍, നെടുമണ്‍കാവ്, വെളിനല്ലൂര്‍, പത്തനാപുരം സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും 16 ന് ചവറ(രാവിലെ 10 ന്) തെക്കുംഭാഗം(ഉച്ചയ്ക്ക് 1.30 ന്), കലയ്ക്കോട്, മൈനാഗപ്പള്ളി, അഞ്ചല്‍, ശൂരനാട് നോര്‍ത്ത്, പാലത്തറ എന്നിവിടങ്ങളിലും 17 ന് ഓച്ചിറ, നിലമേല്‍, കുളക്കട, കുളത്തൂപ്പുഴ, തൃക്കടവൂര്‍, നെടുമണ്‍കാവ് സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും മൊബൈല്‍ ആര്.ടി.പി.സി.ആര് ലാബ് വഴി സ്രവ പരിശോധന നടത്തും.
രാഷ്ട്രീയ കക്ഷി നേതാക്കളായ ബിന്ദു കൃഷ്ണ, എക്സ് ഏണസ്റ്റ്, കുരീപ്പുഴ മോഹനന്, കെ.പി പ്രകാശ്, നുജുമുദ്ദീന്‍ അഹമ്മദ്, താമരക്കുളം സലീം, നയാസ് മുഹമ്മദ്, കരിക്കോട് ജമീര്‍ ലാല്‍, കെ. രത്നകുമാര്‍, മനോഹരന് ശ്രീനാഥ്, ജിത്ത് ദിലീഷ്, ബിജു വിജയന്, എ.ഡി.എം അലക്സ് പി. തോമസ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര് ശ്രീലത, ഡെപ്യൂട്ടി ഡി.എം.ഒ ആര്. സന്ധ്യ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ഷാജി ബോണ്‍സ്ലെ തുടങ്ങിയവര്‍ പങ്കെടുത്തു.