കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമല സന്നിധാനത്തെത്തി അയ്യപ്പ ദര്‍ശനം നടത്തി. ഇരുമുടി കെട്ടുമേന്തി മല ചവിട്ടിയാണ് ഗവര്‍ണര്‍ ശബരീശനെ കാണാന്‍ സന്നിധാനത്തെത്തിയത്. ഇന്നലെ വൈകുന്നേരം 4.18ന് പമ്പയില്‍ എത്തിയ ഗവര്‍ണര്‍ 5.10 ന് പമ്പയില്‍ നിന്ന് ഇളയമകന്‍ കബീര്‍ ആരിഫിനോടൊപ്പം ഇരുമുടി നിറച്ചു. സ്വാമി അയ്യപ്പന്‍ റോഡ് വഴി ഇരുമുടിക്കെട്ടുമേന്തിയാണ് മല ചവിട്ടിയത്.
വഴിയില്‍ മലയിറങ്ങിവന്ന അയ്യപ്പന്മാരോട് കുശലാന്വേഷണവും നടത്തി. 6.35 ന് മരക്കൂട്ടത്ത് എത്തിയ ഗവര്‍ണര്‍ 7.18ന് വലിയ നടപ്പന്തലിലെത്തി.

ദര്‍ശനത്തിനെത്തിയ ഗവര്‍ണറെ വലിയ നടപ്പന്തലിനു മുന്നില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു, ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. കെ.എസ്.രവി, ദേവസ്വം കമ്മീഷണര്‍ ബി.എസ്.തിരുമേനി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ചു. പടിപൂജയ്ക്ക് ശേഷം 8.17 ന് ഇരുമുടി കെട്ടുമേന്തി പതിനെട്ടാം പടി കയറി കലിയുഗവരദ ദര്‍ശനം നടത്തി. എല്ലാ നടകളിലും ദര്‍ശനം നടത്തിയ ശേഷം അയ്യപ്പ സന്നിധിയില്‍ ഹരിവരാസനം കേള്‍ക്കുന്നതിനായി മടങ്ങി എത്തി. 8.52ന് ആരംഭിച്ച ഹരിവരാസനം ചൊല്ലി നട അടച്ച ശേഷമാണ് ഗവര്‍ണര്‍ ഗസ്റ്റ്ഹൗസിലേക്കു മടങ്ങിയത്.