ആലപ്പുഴ: കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു. പലരും അശാസ്ത്രീയമായാണ് മാസ്ക് ധരിക്കുന്നത് എന്ന് ശ്രദ്ധയില്‍ വന്നിട്ടുണ്ട്. എല്ലാവരും മൂക്കും വായും മൂടുന്ന വിധം മാസ്‌ക് ശരിയായി ധരിക്കുക. കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കഴുകുകയോ സാനിട്ടൈസർ പുരട്ടുകയോ ചെയ്യുക.

മറ്റുള്ളവരുമായി ഇടപെടുമ്പോൾ അകലം പാലിക്കാൻ ശ്രദ്ധിക്കുക. പനി, ചുമ, തൊണ്ടവേദന, വയറിളക്കം, മണവും രുചിയുമറിയാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുത്. ലക്ഷണങ്ങൾ ഉള്ളവർ മുറിയിൽ സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞ് ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശാനുസരണം പ്രവർത്തിക്കുക. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ, കുട്ടികൾ, ഗർഭിണികൾ, മറ്റ് രോഗബാധിതർ എന്നിവർ സുരക്ഷിതമായി വീട്ടിൽ കഴിയുക.

സന്ദർശകരെ ഒഴിവാക്കുക. ആൾക്കൂട്ടത്തിൽ നിന്നും സ്വയം ഒഴിഞ്ഞു നില്ക്കുക. 45 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവരും എത്രയും വേഗം വാക്‌സിൻ സ്വീകരിക്കുക. വാക്‌സിൻ സ്വീകരിച്ചാലും മാസ്‌ക് ധരിക്കാനും അകലം പാലിക്കാനും മറക്കരുത്. ‘കോവിഡ് വന്ന് പോകും’ എന്ന ചിന്ത അങ്ങേയറ്റം അപകടകരമാണ്. കോവിഡ് ബാധിച്ച് ഭേദമായവരിലും ഗുരുതരമായ കോവിഡാനന്തര രോഗങ്ങൾ നിലനില്ക്കുന്നതായി കാണുന്നുണ്ട്. അതുകൊണ്ട് രോഗം പിടിപെടാതെ സൂക്ഷിക്കുക.