പാലക്കാട്: ജില്ലയിൽ കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് നിയമിച്ചിട്ടുള്ള സെക്ടറൽ മജിസ്ട്രേറ്റുമാർ സജീവമായി നിരീക്ഷണം നടത്തുന്നതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കൂടുതൽ രോഗം സ്ഥിരീകരിക്കുന്നതും കണ്ടെയ്ൻമെൻ്റ് സോണുകളായി കണ്ടെത്തുന്നതുമായ പഞ്ചായത്ത്/നഗരസഭകളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്.

ഇവിടങ്ങളിൽ മാസ്ക് ധരിക്കുക, സാനിറ്റെസർ ഉപയോഗം, ശാരീരിക അകലം പാലിക്കുക ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോയെന്നും നിരീക്ഷിച്ചു വരുന്നുണ്ട്. ജില്ലയിലാകെ 111 സെക്ടറൽ മജിസ്ട്രേറ്റുമാരെയാണ് നിയമിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം 109 കോവിഡ് പ്രോട്ടോകോൾ ലംഘനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അഞ്ചിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച പ്രദേശങ്ങൾ കണ്ടൈൻമെൻറ് സോണുകളായി കണക്കാക്കും

അഞ്ചിൽ കൂടുതൽ പേർക്ക്‌ രോഗം സ്ഥിരീകരിക്കുന്ന ഇടങ്ങളാണ് നിലവിൽ കണ്ടയ്ൻമെൻറ് സോണുകളായി കണക്കാക്കുന്നത്. ഇവിടങ്ങളിൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നതും കോവിഡ് പ്രോട്ടോകോൾ ലംഘനവും സെക്ടറൽ മജിസ്ട്രേറ്റുമാർ പരിശോധിക്കുന്നുണ്ട്. നിലവിൽ മാർച്ച് അവസാന ആഴ്ച മുതൽ ഏപ്രിൽ 10 വരെ പ്രഖ്യാപിച്ച അകത്തേത്തറ, അമ്പലപ്പാറ, ചിറ്റൂർ-തത്തമംഗലം, എരിമയൂർ, കൊടുമ്പ്, കൊല്ലങ്കോട്, കുലുക്കല്ലൂർ, കുത്തനൂർ, മണ്ണൂർ, മുതലമട, ഒറ്റപ്പാലം, പാലക്കാട്, പറളി, പെരിങ്ങോട്ടുകുറിശ്ശി, പെരുവമ്പ്, പുതുനഗരം, ഷൊർണൂർ, തരൂർ, വടക്കഞ്ചേരി, വടവന്നൂർ വല്ലപ്പുഴ, വണ്ടാഴി എന്നിവയാണ് കണ്ടയ്ൻമെൻ്റ് സോണായി കണ്ടെത്തിയിരിക്കുന്നത്.

നിലവിൽ കണ്ടെയ്ൻമെൻറ് സോണുകളായി പ്രഖ്യാപിക്കുന്ന പഞ്ചായത്ത്/ നഗരസഭകളിൽ ലോക്ഡൗൺ പ്രഖ്യാപിക്കുകയോ അവിടങ്ങളിൽ നിന്നും മറ്റു പഞ്ചായത്തുകളിലേക്കും തിരിച്ചുമുള്ള പ്രവേശനം വിലക്കുകയോ ചെയ്യുന്നില്ല. കൂടാതെ ആരോഗ്യവകുപ്പ് കുടുംബശ്രീയുടെ സഹകരണത്തോടെ കോവിഡ് പരിശോധന ഊർജിതമാക്കുകയും വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി വരുകയും ചെയ്ത് വരുന്നതായി അധികൃതർ അറിയിച്ചിട്ടുണ്ട്.