മലപ്പുറം: ജില്ലയില്‍ ചൊവ്വാഴ്ച (ഏപ്രില്‍ 13) 633 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യം ജില്ലയില്‍ തുടരുകയാണ്. ഇത്തരത്തില്‍ 597 പേര്‍ക്കാണ് വൈറസ്ബാധയുണ്ടായത്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളും ഉറവിടമറിയാതെ 15 പേരും രോഗബാധിതരായവരില്‍ ഉള്‍പ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും 13 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ തിരിച്ചെത്തിയവരാണ്.

263 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് കോവിഡ് രോഗമുക്തരായി. ഇവരുള്‍പ്പെടെ 1,24,126 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തി നേടിയത്. ജില്ലയിലിപ്പോള്‍ 20,277 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 3,423 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 162 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 112 പേരും 86 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 622 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.