പാലക്കാട്: കോവിഡ് വ്യാപനം തടയാന്‍ ജില്ലയില്‍ ആറ് ഇടങ്ങളിലായി കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുള്ളതായി സി.എഫ്.എല്‍.ടി.സി നോഡല്‍ ഓഫീസര്‍ ഡോ. മേരി ജ്യോതി വില്‍സണ്‍ അറിയിച്ചു. കഞ്ചിക്കോട് കിന്‍ഫ്ര, മാങ്ങോട് കേരള മെഡിക്കല്‍ കോളേജ് , ജില്ലാ ആശുപത്രി, പാലക്കാട് വനിതകളുടെയും കുട്ടികളുടെയും ആശുപത്രി, ഒറ്റപ്പാലം താലൂക്ക് ആശുപത്രി, മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുള്ളത്.

ഇവിടങ്ങളില്‍ ആവശ്യമായ കിടക്കകളും അനുബന്ധ സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ ജില്ലാ ആശുപത്രിയില്‍ 64 ഐ.സി.യു കിടക്കകള്‍, 29 വെന്റിലേറ്റര്‍ ബെഡുകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. തീവ്ര രോഗബാധിതരായ ബി, സി കാറ്റഗറിയിലുള്ളവരെയാണ് നിലവില്‍ കോവിഡ് ചികില്‍സാ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കുന്നത്. വരും ദിവസങ്ങളില്‍ കോവിഡ് രോഗികളില്‍ വര്‍ദ്ധനവുണ്ടെങ്കില്‍ കൂടുതല്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ ഒരുക്കുമെന്നും നോഡല്‍ ഓഫീസര്‍ അറിയിച്ചു.