പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിട്ടുളള എല്ലാവരും ഇന്നും നാളെയുമായി(ഏപ്രില്‍ 16, 17) പ്രത്യേകമായി സംഘടിപ്പിച്ചിട്ടുളള കോവിഡ് പരിശോധനാ ക്യാമ്പുകളില്‍ പരിശോധനക്ക് വിധേയരാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏര്‍പ്പെട്ടിട്ടുളളവര്‍, പോളിംഗ് ബൂത്ത് ഏജന്റുമാര്‍, തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍ തുടങ്ങി തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി പ്രവര്‍ത്തിച്ച എല്ലാവരും പരിശോധനാ കേന്ദ്രങ്ങളില്‍ എത്തി സൗജന്യ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

കൂടാതെ 45 വയസിന് താഴെയുളളവരും ജനങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവരുമായ സെയില്‍സ്മാന്‍മാര്‍, ഡ്രൈവര്‍മാര്‍, ഹോട്ടല്‍ റെസ്റ്റോറന്റ് ജീവനക്കാര്‍ തുടങ്ങിയവരും പരിശോധനയ്ക്ക് വിധേയരാവണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

കോവിഡ് പരിശോധന നടത്തുന്ന കേന്ദ്രങ്ങള്‍ നിയോജക മണ്ഡലം, പരിശോധനാസ്ഥലം എന്ന ക്രമത്തില്‍ ചുവടെ:-

അടൂര്‍, വൈ.എം.സി.എ ഹാള്‍- അടൂര്‍.
തിരുവല്ല, താലൂക്ക് ആശുപത്രി-തിരുവല്ല.
ആറന്മുള, സി.എഫ്.എല്‍.ടി.സി മുത്തൂറ്റ് (മുത്തൂറ്റ് നേഴ്സിംഗ് ഹോസ്റ്റല്‍)-കോഴഞ്ചേരി.
കോന്നി, പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയം.
റാന്നി, സി.എഫ.്എല്‍.ടി.സി (മേനാംതോട്ടം ആശുപത്രി).

ഈ അഞ്ചു സെന്ററുകളിലും ദിവസേന 200 സാമ്പിളുകള്‍ വീതം ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമാക്കും. കൂടാതെ ദിവസേന പരിശോധനകള്‍ നടന്നു വരുന്ന ജില്ലാ ആശുപത്രി കോഴഞ്ചേരി, പത്തനംതിട്ട, അടൂര്‍ ജനറല്‍ ആശുപത്രികള്‍, കോന്നി, റാന്നി, മല്ലപ്പളളി താലൂക്ക് ആശുപത്രികള്‍, സി എച്ച്.സി വല്ലന, ചാത്തങ്കേരി, എഫ്.എച്ച്.സി ഓതറ, സി.എഫ്.എല്‍.ടി.സി പന്തളം എന്നിവിടങ്ങളിലും ദിവസേന 100 മുതല്‍ 150 വരെ സാമ്പിളുകള്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമാക്കും. ജില്ലയിലെ എല്ലാ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും 100 വീതവും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ 50 വീതവും ആന്റിജന്‍ പരിശോധനയും ഈ ദിവസങ്ങളില്‍ നടത്തുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.