കണ്ണൂർ: കൊവിഡിന്റെ രണ്ടാം ഘട്ടം അതിവ്യാപനം ചെറുക്കുന്നതിനായി വ്യാപാര സ്ഥാപനങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് എഡിഎമ്മിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ വിവിധ വ്യാപാര വാണിജ്യ സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ആഘോഷ അവസരങ്ങളില്‍ കച്ചവട സ്ഥാപനങ്ങളില്‍ ഉണ്ടായേക്കാവുന്ന വലിയ തിരക്കുകള്‍ നിയന്ത്രിക്കുന്നതിനും കൊവിഡ് പ്രതിരോധ വാക്സിനേഷനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും വ്യാപാരി സംഘടനകള്‍ പരിശ്രമിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.

കടകളുടെ പ്രവര്‍ത്തന സമയം രാത്രി ഒമ്പതു മണിവരെയാക്കിക്കൊണ്ടും ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഹോം ഡെലിവറി അല്ലെങ്കില്‍ ടേക്ക് ഹോം സംവിധാനം ഏര്‍പ്പെടുത്തിക്കൊണ്ടും കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിട്ടുണ്ട്. കടകളില്‍ എസ്എംഎസ് (സാമൂഹ്യ അകലം, മാസ്‌ക്, സാനിറ്റൈസര്‍) ഉറപ്പുവരുത്തണം. കടയില്‍ തിരക്കു നിയന്ത്രിക്കുന്നതിനും കടയ്ക്കകത്ത് കൂടുതല്‍ ആളുകളെ ഒരേസമയം പ്രവേശിപ്പിക്കാതിരിക്കുവാനും കടയുടമകള്‍ പ്രത്യേകം ശ്രദ്ധിക്കണം.

പൊലീസ് എന്‍ഫോഴ്സ്മെന്റ് നടപടികളുമായി വ്യാപാരികള്‍ സഹകരിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. കൊവിഡ് നിയന്ത്രണങ്ങളോട് പൊതുജനം സഹകരിക്കാത്ത പക്ഷം വ്യാപാരികള്‍ക്ക് പൊലീസിന്റെ സഹായം തേടാം. ബോധപൂര്‍വമായ കൊവിഡ് പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കേസെടുക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതും വാക്സിനേഷന്‍ പ്രോത്സാഹിപ്പിക്കുന്നതുമായ സ്റ്റിക്കറുകള്‍ കടകളില്‍ പതിക്കാനും തീരുമാനമായി.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ കണ്ണൂര്‍ സിറ്റി എസിപി എം വി അനില്‍കുമാര്‍, ഡെപ്യൂട്ടി ഡിഎം ഓ ഡോ.എം പ്രീത, കൊവിഡ് നോഡല്‍ ഓഫീസര്‍ ഡോ. വസു ആനന്ദ്, ഡിഡിപി ഷാജി ജോസഫ് ചെറുകാരക്കുന്നേല്‍, ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ ഇ എന്‍ സതീഷ് ബാബു, കണ്ണൂര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി ഡി സാജു, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രതിനിധികളായ കെ വി ഹനീഷ്, ടി കെ രമേഷ് കുമാര്‍, ജില്ലാ മര്‍ച്ചന്റ് ചേംബര്‍ പ്രതിനിധികളായ വി എം അഷ്റഫ്, മുഹമ്മദ് സാജിദ്, വ്യാപാരി വ്യവസായി സമിതി പ്രതിനിധി കെ വി സലീം എന്നിവര്‍ പങ്കെടുത്തു.