കണ്ണൂർ: കൊവിഡ് വ്യാപനത്തിന്റെ സാധ്യത മുന്‍നിര്‍ത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍  സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിച്ച് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിട്ടു. രണ്ടാംഘട്ട കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏപ്രില്‍ 30വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് പ്രകാരമാണ് നടപടി. കോര്‍പറേഷന്‍ പരിധിയില്‍ നാലും മുനിസിപ്പാലിറ്റികളില്‍ രണ്ട്, പഞ്ചായത്ത് തലത്തില്‍ ഒന്ന് എന്നിങ്ങനെ 93 സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെയാണ് നിയമിച്ചത്.

കൊവിഡ് വ്യാപനം തടയാനായി നിലവിലുള്ള ആരോഗ്യം, റവന്യൂ, പൊലീസ്, തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥരടങ്ങിയ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനാണ് തദ്ദേശ സ്ഥാപന തലത്തില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിച്ചത്.  വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, വിവാഹം, മരണാനന്തര ചടങ്ങുകള്‍, പൊതു പരിപാടികള്‍ തുടങ്ങിയ ഇടങ്ങളില്‍ കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുക,

എല്ലാ പൊതുപരിപാടികളും (കല്യാണം, മരണം ഉള്‍പ്പെടെ) തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ അറിയിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക, പൊതുപരിപാടികള്‍ രണ്ട് മണിക്കൂറിലധികം ദീര്‍ഘിക്കുന്നില്ലെന്ന് ഉറപ്പാക്കുക, ട്യൂഷന്‍ സെന്ററുകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുക, ബീച്ചുകള്‍, മറ്റ് അനിയന്ത്രിത വിനോദ സഞ്ചാര മേഖലകള്‍ എന്നിവിടങ്ങളില്‍ വൈകിട്ട് ആറ് മണി വരെ മാത്രമേ ആളുകളെ പ്രവേശിപ്പിക്കുന്നുള്ളു എന്ന് ഉറപ്പ് വരുത്തുക,

കണ്ടെയിന്‍മെന്റ് സോണുകളില്‍ യാതൊരുവിധ കൂടിച്ചേരലുകളും നടക്കുന്നില്ലെന്ന് ഉറപ്പാക്കുക, ജില്ലയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം രാത്രി ഒമ്പത് മണിവരെയായി നിജപ്പെടുത്തുക, പൊതുവാഹനങ്ങളില്‍ സീറ്റിംഗ് കപ്പാസിറ്റിയില്‍ മാത്രമേ ആളുകള്‍ യാത്ര ചെയ്യുന്നുള്ളുവെന്ന് ഉറപ്പാക്കുക, ഓട്ടോ, ടാക്‌സി എന്നിവയില്‍ തിങ്ങി നിറഞ്ഞ് യാത്ര ചെയ്യുന്നില്ലെന്ന്  ഉറപ്പാക്കുക, 10ല്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന യോഗങ്ങള്‍ ഓണ്‍ലൈനായാണ് നടത്തുന്നതെന്ന് ഉറപ്പാക്കുക, ബാങ്ക് എടിഎം കൗണ്ടറുകളില്‍ കൊവിഡ് പ്രതിരോധത്തിനുള്ള എസ്എംഎസ് (സാനിറ്റൈസര്‍, മാസ്‌ക്, സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്) സംവിധാനം ഉറപ്പാക്കുക,

പഞ്ചായത്ത് തലത്തില്‍ ഹോംഡെലിവറി സംവിധാനം ഉറപ്പാക്കുക  തുടങ്ങിയവയാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ ചുമതല.  അടച്ചിട്ട വേദികളില്‍ നടക്കുന്ന യോഗങ്ങളിലും മറ്റ് പരിപാടികളിലും പരമാവധി 75 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുമതി. ഔട്ട് ഡോര്‍ മീറ്റിംഗുകളിലും മറ്റ് പരിപാടികളിലും പരമാവധി 150 പേരെ പങ്കെടുപ്പിക്കാം. വിവാഹം, കലാ- കായിക- സാംസ്‌കാരിക പരിപാടികള്‍, ഉത്സവങ്ങള്‍ തുടങ്ങി എല്ലാ പൊതുപരിപാടികള്‍ക്കും ഇത് ബാധകമായിരിക്കും.

ഇഫ്താര്‍ വിരുന്നുകള്‍ ഒഴിവാക്കേണ്ടതും ഭക്ഷണങ്ങള്‍ പരമാവധി പാക്കറ്റുകളിലാക്കി വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്. കൊവിഡ് പ്രോട്ടോകോള്‍ ലംഘനം പരിശോധിക്കേണ്ടതും പകര്‍ച്ചവ്യാധി നിയമം 1897 പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുമാണ്. ഇപ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ വിവരങ്ങള്‍ കൊവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.