എറണാകുളം: ആലുവ ജില്ലാ ആശുപത്രിയിലെ പുതിയ കോവിഡ് ബ്ലോക്ക് ജില്ലാ കളക്ടർ എസ്.സുഹാസ് സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. കോവിഡ് പോസിറ്റീവ് ആയ ഗർഭിണികൾക്ക് പ്രസവ സൗകര്യവും ഉൾപ്പെടുത്തിയതാണ് പുതിയ ബ്ലോക്ക് .പ്രസവ – പ്രസവാനന്തര ചികിത്സയ്ക്കായി 60 പേർക്കുള്ള ബെഡ് പുതിയ ബ്ലോക്കിലെ ഒന്നാം നിലയിൽ സജ്ജമാക്കിയിട്ടുണ്ട്.

ശീതീകരണ സംവിധാനത്തോടെ 8 ബെഡുകൾ ഇടാവുന്ന 5 മുറികളാണ് തീവ്രപരിചരണ വിഭാഗത്തിനായി തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ ഒരു മേജർ ഓപറേഷൻ തീയറ്ററും മൈനർ ഓപറേഷൻ തീയറ്ററും ഇവിടെ ഒരുക്കിയിട്ടുണ്ട്.
2 ഡയാലിസിസ് മെഷീനും ഡയാലിസ് രോഗികൾക്കായി പ്രത്യേകമായുണ്ട്.
ഡോണിംഗ്, ഡോഫിങ്ങിനായി പ്രത്യേക സൗകര്യവും ഉണ്ട്. കോവിഡ് പോസിറ്റീവ് ആയ സി കാറ്റഗറിയിൽ ഉൾപ്പട്ടവരെ ചികിത്സിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്.

ആലുവ ജില്ലാ ആശുപത്രിയിലെ കുട്ടികളുടേയും സ്ത്രീകളുടേയും വാർഡാണ് കോവിഡ് ബ്ലോക്കായി മാറ്റിയത്. നിലവിൽ എ കാറ്റഗറിയിൽ പെട്ട അഞ്ചുപേരാണ് ഇവിടെ ചികിത്സയിലുള്ളത്. ജില്ലാ പഞ്ചായത്തിൻ്റെ മേൽ നോട്ടത്തിൽ 80 ലക്ഷം രൂപയുടെ ഇലക്ട്രിക്കൽ, സിവിൽ ജോലികൾ പൂർത്തീകരിച്ചു. 50 ലക്ഷം രൂപ ദേശീയ ആരോഗ്യ ദൗത്യവും 30 ലക്ഷം രൂപ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമാണ് നൽകിയത്.

20 ലക്ഷം രൂപ ജനറേറ്ററിന് വേണ്ടി ജില്ലാ പഞ്ചായത്ത് നൽകി. സൂപ്രണ്ട് ഡോ. പ്രസന്നകുമാരിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ
ധ്രുതഗതിയിലാണ് കോവിഡ് ബ്ലോക്കിൻ്റെ വിവിധ പ്രവൃത്തികൾ പൂർത്തിയാക്കിയത്.
ദിവസങ്ങൾക്കുള്ളിലാണ് പുതിയ ട്രാൻസ്ഫോർമറും ജനറേറ്ററും സ്ഥാപിച്ചത്.