ജില്ലയില്‍ പ്രതിദിനം 2500 പരിശോധനകള്‍

വയനാട്: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോവിഡ് പരിശോധനകള്‍ വേഗത്തിലാക്കുന്നതിനായി പൂക്കോട് വെറ്ററിനറി കോളേജില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന ആരംഭിച്ചു. ഇതോടെ പ്രതിദിനം 2500 കോവിഡ് പരിശോധനകള്‍ ജില്ലയില്‍ നടത്താന്‍ സാധിക്കും. കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയിലെ വെറ്ററിനറി മൈക്രോ ബയോളജി വകുപ്പിന്റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും സഹകരണത്തോടെയാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം അക്കാദമിക് ലാബില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന ആരംഭിച്ചത്.

നിലവില്‍ സുല്‍ത്താന്‍ ബത്തേരി ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബിലാണ് കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുന്നത്. ഒരേസമയം 96 സാമ്പിളുകള്‍ പരിശോധിക്കാന്‍ സാധിക്കുന്ന രണ്ട് ആര്‍.ടി.പി.സി.ആര്‍ മെഷീനുകളും, 46 സാമ്പിളുകള്‍ പരിശോധിക്കാവുന്ന ഒരു മെഷീനുമാണ് ലാബില്‍ സജ്ജീകരിച്ചിട്ടുള്ളത്.

നോഡല്‍ ഓഫീസറായ വെറ്ററിനറി മൈക്രോ ബയോളജിസ്റ്റ് ഡോ. ചിന്റു രവിചന്ദ്രന്‍, മെഡിക്കല്‍ മൈക്രോ ബയോളജിസ്റ്റ് ഡോ. ഷഫീഖ് ഹസ്സന്‍, ആറ് ലാബ് ടെക്നീഷ്യന്‍മാര്‍, രണ്ട് മള്‍ട്ടിപര്‍പ്പസ് സ്റ്റാഫ്, രണ്ട് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ എന്നിവരുടെ സേവനവും ലാബില്‍ ലഭ്യമാണ്്. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ സഹകരണത്തോടെയാണ് ലാബിന് ആവശ്യമായ ജീവനക്കാരെയും സൗകര്യങ്ങളും ലഭ്യമാക്കിയത്.