മലപ്പുറം: ജില്ലയില്‍  ചൊവ്വാഴ്ച (ഏപ്രില്‍ 20) കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക് രേഖപ്പെടുത്തി. 1,945 പേര്‍ക്ക് കൂടിയാണ് ചൊവ്വാഴ്ച മാത്രം ഇത്രയധികം പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ ജില്ലയിലുണ്ടായ ഏറ്റവും ഉയര്‍ന്ന വര്‍ധനവാണിത്. 2021 ഒക്ടോബര്‍ 18 ന് 1,677 പേര്‍ രോഗബാധിതരായ ശേഷം ഇത്രയധികം പേര്‍ ഒരു ദിവസം മാത്രം വൈറസ്ബാധിതരാകുന്നത് ഇതാദ്യമാണ്.

ചൊവ്വാഴ്ച  രോഗബാധിതരായവരില്‍ 1,818 പേര്‍ക്കും രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായിരിക്കുന്നത്. ഇത് ആശങ്കാജനകമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് ജില്ലയില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത്. ഇക്കാര്യത്തില്‍ പൊതു സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും രോഗ വ്യാപനത്തിന്റെ സാധ്യത ചെറുക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ചൊവ്വാഴ്ച രോഗബാധിതരായവരില്‍ 52 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധ. വൈറസ് ബാധിതരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും 65 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇതിനിടെ ജില്ലയില്‍ 159 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ചൊവ്വാഴ്ച രോഗവിമുക്തരായി. ഇതോടെ ജില്ലയില്‍ രോഗവിമുക്തരായവരുടെ എണ്ണം 1,25,701 ആയി. ജില്ലയിലിപ്പോള്‍ 26,748 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 11,069 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്.

കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 317 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 187 പേരും 163 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 633 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.