മ്യൂസിയങ്ങള്‍ നേരം കളയാനുള്ള സ്ഥലങ്ങളല്ല മറിച്ച് വ്യത്യസ്തമായ ചരിത്ര സംഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്ഥലങ്ങളാണെന്ന് മ്യൂസിയം തുറമുഖം പുരാവസ്തു പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി  പറഞ്ഞു. മ്യൂസിയം മൃഗശാല വകുപ്പ് ആഭിമുഖ്യത്തില്‍ മ്യൂസിയം വളപ്പില്‍ നവീകരിച്ച ബാന്റ് സ്റ്റാന്റ്, 11 കെ.വി സബ്‌സ്റ്റേഷന്‍, നേപ്പിയര്‍ മ്യൂസിയത്തില്‍ ഭിന്നശേഷി സൗഹാര്‍ദ്ദ മൊബൈല്‍ ആപ്പ്, വെബ്‌സൈറ്റ് എന്നിവയുടെ ഉദ്ഘാടനം മ്യൂസിയം ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.  രാജഭരണകാലത്തെ സ്മാരകങ്ങള്‍ മുതല്‍ സ്വാതന്ത്ര്യ സമര ചരിത്രം വരെ മ്യൂസിയങ്ങളില്‍ കണ്ടെത്താന്‍ കഴിയും. ചരിത്രം സൃഷ്ടിച്ച മഹാന്മാരുടെയും മറ്റ് പ്രമുഖ വ്യക്തികളുടെയും വിവരങ്ങള്‍ കേരളത്തിലെ പല മ്യൂസിയങ്ങളിലും സൂക്ഷിച്ചിട്ടുണ്ട്. പുതുതലമുറയ്ക്ക് ഇക്കാര്യങ്ങള്‍ ലഭ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത്. കൂടുതല്‍പേരെ മ്യൂസിയത്തിലേയ്ക്ക് ആകര്‍ഷിക്കുന്ന തരത്തിലാണ് പലതും ആസൂത്രണം ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കെ. മുരളീധരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. മ്യൂസിയം മൃഗശാലാ വകുപ്പ് ഡയറക്ടര്‍ കെ.ഗംഗാധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പാളയം രാജന്‍, സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഗീത കെ., പുരാവസ്തു വകുപ്പ് ഡയറക്ടര്‍മാരായ ജെ.രജികുമാര്‍, പി. ബിജു, ചരിത്രപൈതൃക മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍.ചന്ദ്രന്‍പിള്ള, ജി.ആര്‍.രാജഗോപാല്‍, അനില്‍ കുമാര്‍ ടി. വി എന്നിവര്‍ ആശംസ നേര്‍ന്നു. എസ്.അബു സ്വാഗതവും പി.എസ്.മഞ്ജുളാദേവി നന്ദിയും പറഞ്ഞു.