കോട്ടയം: ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി ഉയരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍ദേശിച്ചു. നിലവില്‍ 10878 പേര്‍ രോഗബാധിതരായി ചികിത്സയിലുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്നു നില്‍ക്കുന്നു.

കോവിഡ് ആശുപത്രികളിലും പരിചരണ കേന്ദ്രങ്ങളിലും നിലവില്‍ ആവശ്യത്തിന് കിടക്കകളും അനുബന്ധ സൗകര്യങ്ങളുമുണ്ടെങ്കിലും രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാതിരിക്കാന്‍ ജാഗ്രത അനിവാര്യമാണ്.

സമീപ ദിവസങ്ങളില്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ ഏറെപ്പേര്‍ക്കും കുടുംബത്തില്‍നിന്നുതന്നെയോ ചടങ്ങുകളില്‍ പങ്കെടുത്തതിനെത്തുടര്‍ന്നോ വൈറസ് ബാധിച്ചതായാണ് കണ്ടെത്തിയിട്ടുള്ളത്. നിലവില്‍ എട്ട് ക്ലസ്റ്ററുകളാണ് ജില്ലയിലുള്ളത്. ഇതില്‍ നാലിടത്തും മരണാന്തര ചടങ്ങുകളില്‍നിന്നാണ് രോഗം പകര്‍ന്നത്. സമാന സാഹചര്യത്തില്‍ രോഗപ്പകര്‍ച്ചയുണ്ടായ രണ്ടു മേഖലകള്‍കൂടി ഉടന്‍ ക്ലസ്റ്ററുകളായി പ്രഖ്യാപിക്കും.

ഗുരുതരമായ സാഹര്യം പരിഗണിച്ച് പൊതുചടങ്ങുകളിലും മറ്റും പങ്കെടുക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. കെട്ടിടങ്ങള്‍ക്കുള്ളില്‍ നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 75 ആയും ഔട്ട് ഡോര്‍ ചടങ്ങുകളില്‍ ഇത് 150 ആയും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. എങ്കിലും ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുവാന്‍ ശ്രദ്ധിക്കണം.

പൊതു ചടങ്ങുകള്‍ നടത്തുന്നതിന് തഹസില്‍ദാരുടെ പക്കല്‍നിന്നോ പോലീസ് സ്‌റ്റേഷനില്‍നിന്നോ അനുമതി വാങ്ങുകയും നിബന്ധനകള്‍ കര്‍ശനമായി പാലിക്കുകയും വേണം. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയവ covid19jagratha.kerala.nic.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തശേഷം മാത്രമേ നടത്താവൂ. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്ന ചടങ്ങുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പാക്കുന്നതിന് സെക്ടറല്‍ മജസ്‌ട്രേറ്റുമാരുടെ നേതൃത്വത്തിൽ നിരീക്ഷണമുണ്ടാകും.