ആലപ്പുഴ:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തില്‍ ‘ഞങ്ങള്‍ സഹായിക്കും’ എന്ന പേരില്‍ കോള്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. എസ്. എന്‍. കോളേജിലെ എന്‍.എസ്.എസ്. കേഡറ്റുകളുടെയും കുടുംബശ്രീ സി. ഡി. എസ്. പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് ഈ ഓണ്‍ലൈന്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്. കോവിഡുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങള്‍ക്കും പുറമെ മരുന്ന്, ഭക്ഷണം, വൈദ്യ സഹായം എന്നിവയും ഈ സെന്ററിലൂടെ ലഭിക്കും. കമ്യൂണിറ്റി കൗണ്‍സിലര്‍ കസ്തൂരിക്കാണ് ഇതിന്റെ മോണിറ്ററിംഗ് ചുമതല. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ഹെല്‍പ്പ് ഡെസ്‌കിന്റെ പ്രവര്‍ത്തനം. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും പഞ്ചായത്ത് അസി. സെക്രട്ടറിയും ഇതിന്റെ മേല്‍നോട്ടം വഹിക്കും.

പഞ്ചായത്ത് തല ജാഗ്രതാ സമിതി എല്ലാദിവസവും രാവിലെ 10ന് ചേര്‍ന്ന് അതത് ദിവസത്തെ അവസ്ഥയെക്കുറിച്ച് ചര്‍ച്ചചെയ്ത് സാഹചര്യങ്ങള്‍ തീവ്രമാകാതെ നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത കാര്‍ത്തികേയന്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജ്യോതിമോള്‍ എന്നിവരുടെ പങ്കാളിത്തവും ഹെല്‍പ് ഡെസ്‌കിനുണ്ട്. പ്രതിരോധം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച പഞ്ചായത്തില്‍ ഡ്രൈഡേ ആചരിക്കും. ഇതിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ വീടുകളില്‍ കോവിഡ് ബോധവല്‍ക്കരണം നടത്തും. ഹെല്‍പ് ഡെസ്‌ക് നമ്പര്‍ – 8281040894.