എറണാകുളം: കോവിഡ് വ്യാപനത്തിന്റെ തോതനുസരിച്ച് ഫലപ്രദമായ ചികിത്സ ഉറപ്പുവരുത്തുന്നതിനായി ഓക്സിജൻ ലഭ്യതയും ചികിത്സയ്ക്ക് ആവശ്യമുള്ള കിടക്കകളുടെ  എണ്ണവും  വർദ്ധിപ്പിക്കാൻ മന്ത്രി വി എസ് സുനിൽകുമാർ  പങ്കെടുത്ത ജില്ലാ ദുരന്തനിവാരണ സമിതി യോഗത്തിൽ തീരുമാനമായി.

ഇനിയുള്ള ദിവസങ്ങളിൽ വ്യാപനം കൂടാൻ സാധ്യതയുണ്ടെന്ന് കണക്കാക്കി, അതനുസരിച്ചുള്ള സൗകര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ഒരുക്കും.

വരുന്നയാഴ്ച 1500 ഓക്സിജൻ കിടക്കകളും അതിനടുത്തയാഴ്ച 2000 ഓക്സിജൻ കിടക്കകളും ഒരുക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. എല്ലാ താലൂക്കുകളിലും ഓക്സിജൻ കിടക്കകൾ ഉൾപ്പെടെയുള്ള ചികിത്സാസൗകര്യങ്ങൾ ഉറപ്പുവരുത്തും. സ്വകാര്യ ആശുപത്രികളിൽ 20 ശതമാനം കിടക്കകളെങ്കിലും ചികിത്സയ്ക്കായി മാറ്റിവയ്ക്കാൻ നിർദ്ദേശം നൽകും. ഇതിനായി സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ യോഗം ഞായറാഴ്ച ചേരും.

സഹകരണ ആശുപത്രികളും ചികിത്സയ്ക്കായി ഉപയോഗപ്പെടുത്തും. ആവശ്യമെങ്കിൽ ഇ എസ് ഐ ആശുപത്രികളുടെ സേവനവും ഉപയോഗിക്കും.

നിലവിൽ പ്രവർത്തനക്ഷമമാക്കിയ ആശുപത്രികൾ,
സിഎഫ്എൽടിസികൾ, സി എസ് എൽ ടി സി കൾ, ഡി സി സി കൾ എന്നിവക്ക് പുറമേ ആദ്യഘട്ട പ്രതിരോധത്തിന്റെ ഭാഗമായി സജ്ജമാക്കിയ ട്രീറ്റ്മെൻറ് സെൻററുകൾ പുനഃസ്ഥാപിക്കുകയും ചെയ്യും. പി.വി.എസ് – 120, ആലുവ ജില്ലാ ആശുപത്രി – 100, ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -70, പള്ളുരുത്തി – 50, തൃപ്പൂണിത്തുറ – 70, മൂവാറ്റുപുഴ -40, എറണാകുളം ജനറൽ ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി വാർഡ് – 100, കളമശ്ശേരി മെഡിക്കൽ കോളേജ്-300, സിയാൽ – 150 എന്നിങ്ങനെ നിലവിൽ ഒരുക്കിയതും പുതുതായി ക്രമീകരിക്കുന്നതുമായ കിടക്കകൾ ചേർത്ത് ലക്ഷ്യം കൈവരിക്കും. ഒന്നാം ഘട്ടത്തിനു ശേഷം ജില്ലാതല ഏകോപനത്തിനായി സംവിധാനമൊരുക്കിയിട്ടുണ്ട്. മരുന്ന് ലഭ്യതയും ഈ കേന്ദ്രങ്ങളിൽ ഉറപ്പു വരുത്തും. എറണാകുളം ജനറൽ ആശുപത്രിയിലെ ധന്വന്തരി സൊസൈറ്റിയിൽ നിന്ന് ആലുവ ജില്ലാ ആശുപത്രിയിലേക്കും മരുന്ന് എത്തിക്കും. ഉച്ചക്ക് ശേഷമുള്ള സർക്കാർ ആശുപത്രികളിലെ ഒ.പി. സേവനം നിർത്തി വെക്കും. നഴ്സുമാരെ കൂടുതലായി താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കും. കോവിഡ് പരിശോധനാ സാമ്പിളുകൾ ശേഖരിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ സഹകരണവും ഉറപ്പു വരുത്തും.

രോഗികളുടെ എണ്ണം 6 ദിവസം കൊണ്ടാണ് ജില്ലയിൽ ഇരട്ടിക്കുന്നത്. നാൽപതിനായിരം പേർ വരെ ഒരേ സമയം രോഗികളായാലും, ചികിത്സ ഉറപ്പു വരുത്തുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കും.

ഓക്സിജൻ ലഭ്യതയും ഇതോടൊപ്പം ഉറപ്പു വരുത്തും. ഇതിനായി എഫ്.എ.സി.ടി, പെട്രോനെറ്റ് എൽ.എൻ.ജി, ബി.പി.സി.എൽ തുടങ്ങിയ സ്ഥാപനങ്ങളുടെ പങ്കാളിത്തവും ഉപയോഗിക്കും.

കൊച്ചി മേയർ അഡ്വ.എം. അനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടർ എസ്. സുഹാസ്, സിറ്റി പോലീസ് കമ്മീഷണർ നാഗരാജു ചക്കിലം, റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.