സ്വകാര്യ ആശുപത്രികളിലെ 25 ശതമാനം കിടക്കകൾ ഈ ഘട്ടത്തിൽ കോവിഡ് ചികിത്‌സയ്ക്കായി മാറ്റിവയ്ക്കണമെന്ന് സ്വകാര്യ ആശുപത്രി പ്രതിനിധികളുമായുള്ള യോഗത്തിൽ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പല ആശുപത്രികളും 40-50 ശതമാനം കിടക്കകൾ ഇപ്പോൾ തന്നെ  ഇതിനായി മാറ്റി വെച്ചിട്ടുണ്ട്. ഓരോ ദിവസവും കിടക്കകളുടെ സ്ഥിതിവിവരക്കണക്ക് ആശുപത്രികൾ ജില്ലാ ആരോഗ്യ വകുപ്പ് മേധാവിക്ക് കൈമാറണം. കിടക്കകൾ ഉള്ളിടത്ത് രോഗികളെ അയക്കാൻ ഇത് സഹായിക്കും. കോവിഡിന്റെ ഒന്നാം ഘട്ടത്തിൽ സ്വകാര്യ ആശുപത്രികളിൽ നിന്നും മികച്ച സഹകരണം ലഭിച്ചിരുന്നു.

കോവിഡ് ചികിത്സക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾക്ക് പൂർണ്ണ സഹകരണമാണ് യോഗത്തിൽ  സ്വകാര്യ ആശുപത്രി പ്രതിനിധികൾ വാഗ്ദാനം ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുരുതര അവസ്ഥയിലുള്ള രോഗികൾ വന്നാൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം നൽകാൻ കഴിയണം. മികച്ച ഡോക്ടർമാർ, നഴ്‌സുമാർ, കോവിഡ് ചികിത്സയിൽ പ്രവീണ്യം നേടിയവർ എന്നിവരുടെ സേവനം അനിവാര്യ ഘട്ടങ്ങളിൽ ഡിഎംഒ ആവശ്യപ്പെട്ടാൽ നൽകാൻ എല്ലാ ആശുപത്രികളും തയ്യാറാകണം.

ഐസിയുകളും വെന്റിലേറ്ററുകളും എത്രയും വേഗം പൂർണതോതിൽ സജ്ജമാക്കണം. അറ്റകുറ്റപ്പണികളുണ്ടെങ്കിൽ ഉടനെ തീർക്കണം. ഗുരുതര രോഗികൾക്കായി ഐസിയു കിടക്കകൾ കൂടുതൽ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. അതിനാൽ ഐസിയു കിടക്കകൾ അനാവശ്യമായി നിറഞ്ഞ് പോകുന്നത് പരിശോധിക്കുന്നത് നന്നാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ഇതര രോഗികൾക്കും ചികിത്‌സ ഉറപ്പാക്കണം. ഒരാശുപത്രിയും അമിതമായ ചികിത്സാ ഫീസ് ഈടാക്കരുത്. ചില ആശുപത്രികൾ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നുണ്ട്. സർക്കാർ നിശ്ചിത നിരക്ക് അംഗീകരിച്ചിട്ടുണ്ട്.

അതേനിരക്ക് എല്ലാവരും സ്വീകരിക്കണം. സ്വകാര്യ ആശുപത്രികൾ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുമായി എംപാനൽ ചെയ്യുന്നത് നന്നാകും. 15 ദിവസത്തിനകം കോവിഡ് ചികിത്സയ്ക്കുള്ള മുഴുവൻ ചെലവും കൈമാറുന്ന അവസ്ഥയുണ്ടാകും. ഇതുസംബന്ധിച്ച് സ്വകാര്യ ആശുപത്രികൾ ഉന്നയിച്ച പരാതികൾക്ക് ചീഫ് സെക്രട്ടറിയും ആരോഗ്യ വകുപ്പ് സെക്രട്ടറിയും നടപടി സ്വീകരിക്കും.
സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് സൗജന്യമായ കോവിഡ് ചികിത്സ നൽകി വരുന്ന സംസ്ഥാനമാണ് കേരളം.

അതോടൊപ്പം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഒന്നാമത്തെ കോവിഡ് തരംഗത്തിൽ 60.47 കോടി രൂപ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവർക്കായി ചെലവഴിച്ചു. കാരുണ്യ പദ്ധതിയുടെ ഗുണഭോക്താക്കളായ 4936 പേർക്കും, റഫർ ചെയ്ത 13,236 പേരുടേയും ചികിത്സാ ചെലവ് സർക്കാർ വഹിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.