തിരുവനന്തപുരം ജില്ലയില്‍ കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി താലൂക്ക്തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ടീമിനെ നിയോഗിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. ഇതിന്റെ ഭാഗമായി ആംബുലന്‍സുകളില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കുമെന്നും ആംബുലന്‍സുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഷീല്‍ഡ് ടാക്സികള്‍ സെക്കന്‍ഡറി ആംബുലന്‍സുകളായി ഉപയോഗിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
ഡെപ്യൂട്ടി തഹസില്‍ദാര്‍ റാങ്കില്‍ കുറയാത്ത റവന്യൂ ഓഫിസര്‍, താലൂക്ക് ആശുപത്രി, പി.എച്ച്.സി, സി.എച്ച്.സി എന്നിവിടങ്ങളില്‍ ഏതിലെങ്കിലുമുള്ള മെഡിക്കല്‍ ഓഫിസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍, രണ്ട് മിനിസ്റ്റീരിയല്‍ ഉദ്യോഗസ്ഥര്‍ എന്നിവരാണ് ഓരോ ടീമിലുമുണ്ടാകുക. നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകള്‍ക്കും ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകള്‍ക്കും ഓരോ ടീമുകളാകും ഉണ്ടാകുക. നെടുമങ്ങാട്, തിരുവനന്തപുരം താലൂക്കുകള്‍ക്ക് പ്രത്യേക ടീമുകളുണ്ടാകും. ഓരോ ടീമിനും ഓരോ കണ്‍ട്രോള്‍ റൂമുണ്ടാകും. ഓരോ താലൂക്കിലേക്കും ആവശ്യമായ ആംബുലന്‍സുകളുടെ ലഭ്യത ഉറപ്പാക്കേണ്ട ചുമതല മോട്ടോര്‍ വാഹന വകുപ്പിനായിരിക്കും. സംഘത്തിലുള്ള മെഡിക്കല്‍ ഓഫിസര്‍മാര്‍ ടെസ്റ്റിങ് സെന്ററുകള്‍, സിഎഫ്എല്‍ടിസി, ഡിസിസി എന്നിവിടങ്ങളില്‍നിന്നടക്കമുള്ള ആവശ്യങ്ങള്‍ക്കനുസരിച്ച് ആംബുലന്‍സസുകള്‍ അനുവദിക്കും.
ആംബുലന്‍സുകള്‍ക്കായി ഓരോ താലൂക്കിലും താലൂക്ക് ഓഫിസുകള്‍ക്കടുത്തായി പ്രത്യേക ആംബുലന്‍സ് ബേസ് സജ്ജമാക്കും. കൃത്യമായ അണുനശീകരണം അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങളെല്ലാം ഇവിടങ്ങളില്‍ കര്‍ശനമായി പാലിക്കും. താലൂക്ക് തലത്തിലുള്ള ആംബുലന്‍സ് ടീമിനെയും കളക്ടറേറ്റിലെ വാര്‍ റൂം അടക്കമുള്ള ജില്ലാതല സംവിധാനങ്ങളേയും ഏകോപിപ്പിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.