ആലപ്പുഴ: കോവിഡ് 19 രോഗവ്യാപനം ശക്തമായ പശ്ചാത്തലത്തില്‍ കഞ്ഞിക്കുഴി പഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ പഞ്ചായത്തുതല ജാഗ്രതാ സമിതി യോഗം തീരുമാനിച്ചു. ആളുകള്‍ കൂടുന്ന ചടങ്ങുകള്‍ നിയന്ത്രിക്കും. ഇതിനായി പഞ്ചായത്ത് രൂപീകരിച്ച സൂപ്പര്‍ ചെക്കിംഗ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടുള്ള ചടങ്ങുകളിലും പരിശോധന നടത്തും.

വാര്‍ഡുതല ജാഗ്രതാ സമിതികള്‍ ദിവസവും യോഗം ചേര്‍ന്ന് വാര്‍ഡുകളിലെ രോഗവ്യാപനം അവലോകനം ചെയ്യും. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന വാര്‍ഡുകള്‍ അടച്ചിടും. രോഗവ്യാപനം തടയുന്നതിനായി വാര്‍ഡുകളില്‍ ആരോഗ്യ പ്രവര്‍ത്തകരും ആശ പ്രവര്‍ത്തകരും ചേര്‍ന്ന് ബോധവല്‍ക്കരണ പരിപാടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും.

യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാര്‍ത്തികേയന്‍ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് അഡ്വ. എം. സന്തോഷ്‌കുമാര്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം വി. ഉത്തമന്‍, സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്മാരായ ബൈരഞ്ചിത്ത്, കെ. കമലമ്മ, ജ്യോതി മോള്‍, ബ്ലോക്ക് പഞ്ചായത്തംഗം പി. എസ്. ശ്രീലത, സെക്ടറല്‍ മജിസ്‌ട്രേറ്റ് രാജന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.എസ് ജയകുമാര്‍, പഞ്ചായത്ത് അസിസ്റ്റന്റ സെക്രട്ടറി ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.