ആലപ്പുഴ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അടിയന്തര പദ്ധതികള്‍ ഏറ്റെടുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നിശ്ചയിച്ചും സര്‍ക്കാര്‍ ഉത്തരവായി. ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍, സി.എഫ്.എല്‍.റ്റി.സി., സി.എസ്.എല്‍.റ്റി.സി, ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍, സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ (ഇവയ്ക്കായി മരാമത്ത് പ്രവൃത്തികള്‍, സാധന സാമഗ്രികള്‍ വാങ്ങല്‍, മരുന്നുകളും ഉപകരണങ്ങളും വാങ്ങല്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ശുചീകരണ സാധനങ്ങള്‍ വാങ്ങല്‍, താല്‍ക്കാലികമായി നിയോഗിക്കുന്നവര്‍ക്ക് വേതനം നല്‍കല്‍, കുടിവെള്ളം ഭക്ഷണം എന്നിവ ലഭ്യമാക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട ചെലവുകള്‍) ഏറ്റെടുത്ത് നടപ്പാക്കാം.

വാര്‍ഡുതല സമിതികളുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ബോധവത്ക്കരണ, ക്രഷ് ദ കര്‍വ് ക്യാമ്പയിന്‍, കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കല്‍ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ രോഗ പരിശോധനയ്ക്കും വാക്‌സിനേഷനും ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്തുക, കോവിഡ് രോഗികളുടെ പരിശോധന, ചികിത്സ, വാഹന സൗകര്യം ലഭ്യമാക്കല്‍ തുടങ്ങി ആരോഗ്യ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കാം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ആരോഗ്യ സ്ഥാപനങ്ങളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് മരുന്നുകളും ഉപകരണങ്ങളും വാങ്ങാനും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളും അടിയന്തര പ്രാധാന്യത്തോടെ ഏറ്റെടുത്ത് നടപ്പാക്കാം.

പദ്ധതികള്‍ തയ്യാറാക്കുന്നതിന് ‘സുലേഖ’ സോഫ്റ്റ് വെയറിലെ സ്‌പെഷ്യല്‍ പ്രൊജക്ട് എന്ന സൗകര്യം ഉപയോഗിക്കാം. ഇത്തരം പദ്ധതികള്‍ക്ക് പൊതു വിഭാഗം സാധാരണ വിഹിതം, തനത് ഫണ്ട്, സംഭാവന, എസ്.ഡി.ആര്‍.എഫില്‍ നിന്നും ലഭിക്കുന്ന അഡ്വാന്‍സ് തുക, എസ്.ഡി.ആര്‍.എഫില്‍ നിന്നും ലഭിക്കുന്ന റീ ഇമ്പേഴ്‌സ്‌മെന്റ് തുക എന്നിവ വകയിരുത്താം. റോഡിതര മെയിന്റനന്‍സ് ഫണ്ടില്‍ അനുവതിനീയമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസ്തുത ഫണ്ടും വകയിരുത്താം. പൊതു വിഭാഗം സാധാരണ വിഹിതം, റോഡിതര മെയിന്റനന്‍സ് ഫണ്ട് എന്നിവയില്‍ ലഭ്യമായ ഫണ്ടിന് ഉപരിയായി (വാലിഡേഷന് പുറത്ത്) കോവിഡ് പ്രതിരോധത്തിനുള്ള പദ്ധതികള്‍ ഏറ്റെടുക്കാം. ഇതിനുള്ള സൗകര്യം ‘സുലേഖ’ സോഫ്റ്റ് വെയറില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജില്ല ആസൂത്രണ സമിതിയുടെ അനുമതി ഇല്ലാതെ തന്നെ പദ്ധതികളുടെ നിര്‍വ്വഹണ നടപടി ആരംഭിക്കാം. കോവിഡ് സാഹചര്യം മെച്ചപ്പെടുമ്പോള്‍ പ്രസ്തുത പദ്ധതികള്‍ വാര്‍ഷിക പദ്ധതിക്കുള്ളില്‍ ഉള്‍പ്പെടുത്തി ജില്ല ആസൂത്രണ സമിതിക്ക് സമര്‍പ്പിച്ച് നടപടി ഉത്തരവിന്റെ ഭാഗമാക്കണം. പദ്ധതികള്‍ക്ക് വെറ്റിംഗ് ഓഫീസറില്‍ നിന്നും അംഗീകാരം വാങ്ങണം. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ സെക്രട്ടറിയാണ്. പഞ്ചായത്തുകള്‍ക്ക് പഞ്ചായത്ത് ഉപഡയറക്ടറാണ് വെറ്റിംഗ് ഓഫീസര്‍. നഗരസഭകളില്‍ നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടറാണ് വെറ്റിംഗ് ഓഫീസര്‍. ബ്ലോക്ക് പഞ്ചായത്തുകളില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനും എ.ഡി.സി. (ജനറല്‍) വെറ്റിംഗ് ഓഫീസറുമാണ്.

ജില്ല പഞ്ചായത്തില്‍ ജില്ല പഞ്ചായത്ത് സെക്രട്ടറിയാണ് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍. പഞ്ചായത്ത് ഡയറക്ടറാണ് വെറ്റിംഗ് ഓഫീസര്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ആരോഗ്യ സ്ഥാപനങ്ങളിലേക്ക് പ്രതിരോധ പ്രവര്‍ത്തനത്തിന് മരുന്നും ഉപകരണങ്ങളും വാങ്ങുന്ന പദ്ധതികളുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസറും നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ബന്ധപ്പെട്ട എഞ്ചിനീയറും ആയിരിക്കും.

സാങ്കേതിക അനുമതി ആവശ്യമായ പ്രവൃത്തികള്‍ പ്രത്യേക പദ്ധതിയായി തയ്യാറാക്കിയിട്ടുണ്ടെങ്കില്‍ ഓണ്‍ലൈനായി വെറ്റിംഗ് ഓഫീസര്‍ക്ക് നല്‍കി അനുമതി വാങ്ങാം. പദ്ധതി ഭേദഗതിക്കും ആസൂത്രണ സമിതി അനുമതി ആവശ്യമില്ല. വെറ്റിംഗ് ഓഫീസറില്‍ നിന്നും പുതുക്കിയ അനുമതി വാങ്ങാം. വെറ്റിംഗ് ഓഫീസര്‍മാര്‍ 24മണിക്കൂറിനകം പദ്ധതികളുടെ അംഗീകാര നടപടികള്‍ പൂര്‍ത്തീകരിച്ച് നല്‍കണം.