വാക്സിൻ നിർമ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് (കോവിഷീൽഡ്), ഭാരത് ബയോടെക് (കോവാക്സിൻ) എന്നീ കമ്പനികളിൽ നിന്നായി അടുത്ത മൂന്ന് മാസത്തേയ്ക്ക് (മെയ്, ജൂൺ, ജുലൈ) ഒരു കോടി ഡോസ് വാക്സിൻ വിലകൊടുത്ത് വാങ്ങാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വാക്സിൻ വിലക്കുവാങ്ങുന്നതു സംബന്ധിച്ച കാര്യങ്ങൾ ശുപാർശ ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. സമിതിയുടെ ശുപാർശ അംഗീകരിച്ചാണ് തീരുമാനമെടുത്തത്.

വലിയ തോതിലാണ് വ്യാപനം ഉണ്ടാകുന്നത്. കേന്ദ്ര സർക്കാരിന്റെ പുതിയ വാക്‌സിനേഷൻ നയത്തിന്റെ ഫലമായി 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് ഉൽപ്പാദകരിൽ നിന്നും വാക്സിൻ സംസ്ഥാനങ്ങൾ വിലകൊടുത്തു വാങ്ങേണ്ട സാഹചര്യം വന്നിരിക്കുകയാണ്. ഈ നയം തിരുത്തണമെന്നും എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകണമെന്നും കേന്ദ്രത്തോട് നാം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. ഇതുവരെ അനുകൂലമായ നടപടി ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് സൗജന്യമായി രണ്ട് ഡോസ് വാക്സിൻ നൽകുന്നതിനായി തീരുമാനമെടുത്തത്.

എല്ലാവർക്കും സൗജന്യ വാക്സിൻ ഉറപ്പാക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. സിറം ഇൻസ്റ്റിട്ട്യൂട്ടിൽ നിന്ന് 70 ലക്ഷം ഡോസ് വാക്സിൻ അടുത്ത മൂന്നു മാസത്തേയ്ക്ക് വാങ്ങാനാണ് തീരുമാനം. ഇതിന് 294 കോടി രൂപ ചെലവു വരും. 400 രൂപയാണ് ഒരു ഡോസിന് അവർ ഈടാക്കുന്ന വില. പുറമേ അഞ്ച് ശതമാനം ജി.എസ്.ടിയും വരും. ഭാരത് ബയോടെക്കിൽ നിന്ന് അടുത്ത മൂന്നു മാസത്തേയ്ക്ക് 30 ലക്ഷം ഡോസാണ് വാങ്ങുന്നത്. ഒരു ഡോസിന് 600 രൂപാ നിരക്കിൽ ജി.എസ്.ടി. ഉൾപ്പടെ 189 കോടി രൂപ ചെലവു വരും. വാക്സിന്റെ വില സംബന്ധിച്ച് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുകൾ നിലവിലുണ്ട്.

ഈ കേസുകളിലെ തീർപ്പിന് വിധേയമായിട്ടായിരിക്കും സംസ്ഥാനം വാക്സിൻ വാങ്ങുന്നത്. വാക്സിന് ഓർഡർ കൊടുക്കുമ്പോൾ ഇക്കാര്യം വ്യക്തമാക്കും.
18 നും 45 നും ഇടയ്ക്ക് പ്രായമുള്ളവർക്കു കൂടി വാക്സിൻ സൗജന്യമായി നൽകാൻ കഴിയുന്ന രീതിയിൽ കേന്ദ്രസർക്കാരിന്റെ വാക്സിൻ നയം ഭേദഗതി ചെയ്യണമെന്ന് കേന്ദ്രത്തോട് ഒരിക്കൽ കൂടി ആവശ്യപ്പെടാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാരിനും സംസ്ഥാനങ്ങൾക്കും നൽകുമ്പോൾ വ്യത്യസ്ത വില ഈടാക്കുന്നതിന് രാജ്യത്തെ രണ്ട് വാക്സിൻ നിർമ്മാണ കമ്പനികൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുകയാണ്. ഈ നയവും തിരുത്തണം. കേന്ദ്രത്തിനു നൽകുന്ന അതേ വിലയ്ക്ക് സംസ്ഥാനങ്ങൾക്കും വാക്സിൻ ലഭിക്കും എന്ന് ഉറപ്പാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.