തിരുവനന്തപുരം: കോവിഡ് വ്യാപനം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കോവിഡ് ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ നിർബന്ധമായും റൂം ക്വാറന്റൈനിൽ കഴിയണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം. ഇവർ നിർബന്ധമായും കോവിഡ് ടെസ്റ്റിന് വിധേയരാകണമെന്നും പരിശോധനാഫലം ലഭിക്കുംവരെ റൂം ക്വാറന്റൈനിൽ കഴിയണമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്. ഷിനു അറിയിച്ചു.
കോവിഡ് പോസിറ്റീവ് ആയാൽ അടുത്തുള്ള ആരോഗ്യ സ്ഥാപനത്തിലേക്ക് ഫോൺ വഴി അറിയിക്കണം. ആരോഗ്യ സ്ഥാപനത്തിലേയോ ആരോഗ്യ പ്രവർത്തകരുടെയോ ആശാ പ്രവർത്തകരുടേയോ ഫോൺ നമ്പർ അറിയാത്തവർ നപഞ്ചായത്ത് അധികൃതരെ അറിയിക്കണം. അതിനും കഴിഞ്ഞില്ലെങ്കിൽ ദിശ 1056 /0471 2552056, 1077, 9188610100, 0471 2779000 ഇവയിലേതെങ്കിലും നമ്പറിലേക്ക് വിളിക്കുകയും നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും വേണം.
രോഗികൾക്കും ചെറിയ ലക്ഷണങ്ങൾ മാത്രമുള്ളവർക്കും അടുത്തുള്ള മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരം വീട്ടിൽ റൂം ഐസലേഷനിൽ കഴിയാവുന്നതാണ്. അറ്റാച്ഡ് ബാത്ത് റൂം സൗകര്യമുള്ള പ്രത്യേക  മുറിയിൽ കഴിയണം. അത്തരം സൗകര്യങ്ങൾ വീട്ടിൽ ഇല്ലാത്തവർക്ക് അതാത് പഞ്ചായത്തുകളിൽ ഒരുക്കിയിട്ടുള്ള ഡൊമിസിലറി കെയർ സെന്ററുകൾ ഉപയോഗിക്കാം.
രോഗലക്ഷണങ്ങൾ മൂർച്ഛിക്കുകയാണെങ്കിൽ മെഡിക്കൽ ഓഫിസറുടെ നിർദേശപ്രകാരം സി.എഫ്.എൽ.റ്റി.സി കളിലേക്കോ സി.എസ്.എൽ.റ്റി.സികളിലേക്കോ മാറ്റുന്നതാണ്. മറ്റ് അസുഖ ബാധിതതർക്കു  കോവിഡ് ബാധിച്ചാൽ അസുഖത്തിന്റെ തോതനുസരിച്ച് മെഡിക്കൽ ഓഫിസർ നിർദേശിക്കുന്നതു പ്രകാരം സി.എഫ്.എൽ.റ്റി.സിയിലേക്കോ സി.എസ്.എൽ .റ്റി.സിയിലേക്കോ അയച്ചു  ചികിത്സിക്കും. എന്നാൽ ഗുരുതര രോഗബാധിതർക്ക് കോവിഡ് ബാധിച്ചാൽ കോവിഡ് ആശുപത്രികളിൽ ചികിത്സിക്കുന്നതാണ്. തീവ്ര ലക്ഷണങ്ങളുള്ളവരെയും കോവിഡ്  ആശുപത്രിയിൽ ചികിത്സിക്കും. കോവിഡ് രോഗനിയന്ത്രണത്തിനായി ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ കർശനമായും പാലിക്കണമെന്ന്  ജില്ലാ മെഡിക്കൽ ഓഫിസർ അഭ്യർഥിച്ചു