മലപ്പുറം: ‍ജില്ലയില് നിയമസഭാ തെരഞ്ഞെടുപ്പിന്റെയും മലപ്പുറം ലോകസഭ ഉപ തെരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ല വരണാധികാരികൂടിയായ  കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ പെരിന്തല്‍മണ്ണയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് പ്രത്യേകം സൗകര്യങ്ങള്‍ എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പരിശോധനയ്ക്ക് ശേഷം നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയ ജീവനക്കാരും കൗണ്ടിങ് ഏജന്റുമാരും മാധ്യമപ്രവര്‍ത്തകരും മാത്രമേ കൗണ്ടിങ് കേന്ദ്രങ്ങളില്‍ ഉണ്ടാകൂ.  തെര്‍മല്‍ സ്‌കാനിങിന് ശേഷം മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കൂ. ശരീരോഷ്മാവ് കൂടുതലുള്ളവരെ ഒഴിവാക്കേണ്ട സാഹചര്യം കൂടി കണക്കിലെടുത്ത്  10 ശതമാനം കൂടുതല്‍ കൗണ്ടിങ് ഏജന്റുമാരെ അനുവദിച്ചിട്ടുണ്ട്. കൗണ്ടിങ് ഹാളുകള്‍ അണുവിമുക്തമാക്കും. മാസ്‌ക്, സാനിറ്റൈസര്‍, സോപ്പ് എന്നിവ സജ്ജമാക്കും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കും. കൗണ്ടിങ് കേന്ദ്രത്തിന് പുറത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തും. ഇലക്ഷന്‍ കമ്മീഷന്‍ അനുവദിച്ച തിരിച്ചറിയല്‍ രേഖ പരിശോധിച്ച് മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കൂ. കൗണ്ടിങിനെത്തുന്ന എല്ലാവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്.   കൗണ്ടിങ് ഹാളിന് പുറത്ത് ആള്‍ക്കൂട്ടങ്ങളോ പ്രകടനങ്ങളോ അനുവദിക്കില്ല.  ഹാളിനുള്ളില്‍ സി.സി.ടി.വി, ക്യാമറ തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.