ആലപ്പുഴ: ജില്ലയിൽ കോവിഡ് കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുംകൂടിവരുന്ന സാഹചര്യത്തിൽ ജില്ലയിലെ മേജർ ആശുപത്രികളോടനുബന്ധിച്ച് ട്രയാജ് സംവിധാനം ആരംഭിച്ചു. ചേർത്തല താലൂക്ക് ആശുപത്രി, ആലപ്പുഴ ജനറൽ ആശുപത്രി, ഹരിപ്പാട് താലൂക്ക് ആശുപത്രി, കായംകുളം താലൂക്ക് ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് ട്രയാജ് സംവിധാനം ആരംഭിച്ചിട്ടുള്ളത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ട്രയാജ് കേന്ദ്രത്തില്‍ കോവിഡ് രോഗിയെ പ്രവേശിപ്പിച്ചാൽ അയാളുടെ ആരോഗ്യനില കൃത്യമായി വിലയിരുത്തി തുടര്‍നടപടി സ്വീകരിക്കുന്നതിനുള്ള പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗിയ്ക്ക് ഏത് തരത്തിലുള്ള ചികിത്സയാണ് വേണ്ടത് എന്ന് തരംതിരിച്ച് അത് ലഭ്യമാക്കാനാണ് ട്രയാജ് വഴി കഴിയുക. അരൂക്കുറ്റി, തുറവൂർ, മുഹമ്മ പ്രദേശങ്ങളിലുള്ളവര്‍ക്ക് ചേർത്തല താലൂക്ക് ആശുപത്രിയിലും അമ്പലപ്പുഴ, ചെട്ടിക്കാട് , വെളിയനാട് , ചെമ്പുംപുറം പ്രദേശ വാസികള്‍ക്ക് ജനറൽ ആശുപത്രിയിലും തൃക്കുന്നപ്പുഴ, ചെമ്പുംപുറം, മുതുകുളം ബ്ലോക്കുകളിൽ ഉള്ളവർക്ക് ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും ചുനക്കര, മുതുകുളം പ്രദേശവാസികൾക്ക് കായംകുളം താലൂക്ക് ആശുപത്രിയിലും കുറത്തികാട്, പാണ്ടനാട്

മേഖലയിലുള്ളവര്‍ക്ക് മാവേലിക്കര ജില്ലാ ആശുപത്രിയിലും ട്രയാജ് സംവിധാനം ലഭ്യമാകും. ഈ പ്രദേശങ്ങളിൽ കോവിഡ് പോസിറ്റീവായി ഹോം ഐസലേഷൻ കഴിയുന്ന രോഗികൾക്ക് ആവശ്യമെങ്കിൽ ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് മേജർ ആശുപത്രികളിലെ ട്രയാജ് സംവിധാനം ഉപയോഗപ്പെടുത്താം.