പത്തനംതിട്ട ജില്ലയിലെ നിയമസഭാ വോട്ടെണ്ണല്‍ ഇന്ന് (02) രാവിലെ എട്ടിന് ആരംഭിക്കും. ഉച്ചയോടെതന്നെ ലീഡ് നില വ്യക്തമാകുമെങ്കിലും കോവിഡ് സാഹചര്യത്തില്‍ ഇത്തവണ ബൂത്തുകളുടെ എണ്ണം കൂടിയതും പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണം കൂടിയതും ഔദ്യോഗിക ഫല പ്രഖ്യാപനം വൈകിയേക്കും.
തിരുവല്ല നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ കുറ്റപ്പുഴ മര്‍ത്തോമ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, റാന്നി നിയോജക മണ്ഡലത്തിലെ റാന്നി സെന്റ് തോമസ് കോളേജ്, ആറന്മുള നിയോജക മണ്ഡലത്തിലെ കുമ്പഴ മൗണ്ട് ബഥനി പബ്ലിക് സ്‌കൂള്‍, കോന്നി നിയോജക മണ്ഡലത്തിലെ മലയാലപ്പുഴ മുസലിയാര്‍ എഞ്ചിനീയറിംഗ് കോളേജ്, അടൂര്‍ നിയോജക മണ്ഡലത്തിലെ മണക്കാല തപോവന്‍ പബ്ലിക് സ്‌കൂള്‍ എന്നിവ ഇന്ന് (മേയ് 2 ഞായര്‍ ) പുലര്‍ച്ചെ അഞ്ചു മുതല്‍ സജീവമാകും.
രാവിലെ അഞ്ചിനാണ് വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥരുടെ മൂന്നാംഘട്ട തരംതിരിക്കല്‍ നടക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരും സ്ഥാനാര്‍ഥികളുടെ ഏജന്റുമാരും ഇതിന് മുന്നേ വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തും.
അഞ്ച് നിയസഭാ മണ്ഡലങ്ങളിലെയും പോസ്റ്റല്‍ ബാലറ്റ് വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും. എട്ടരയോടെ ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങും. പോസ്റ്റല്‍ ബാലറ്റുകള്‍ മുഴുവന്‍ എണ്ണിത്തീര്‍ന്ന ശേഷമേ ഇ.വി.എമ്മുകളുടെ അവസാന റൗണ്ട് വോട്ടെണ്ണല്‍ നടത്താവൂ എന്ന മുന്‍ ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഴിവാക്കിയിട്ടുണ്ട്.
കൗണ്ടിംഗ് ഹാളിന്റെ മെയിന്‍ ഗേറ്റില്‍ നിന്നും ഇരു വശത്തേക്കും 100 മീറ്റര്‍ അകലത്തില്‍ വരുന്ന സ്ഥലം പെടസ്ട്രിയന്‍ സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സ്ഥലത്തേക്ക് വാഹനങ്ങള്‍ ഒന്നും കടത്തി വിടില്ല. കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍ എന്നിവരാണ് വോട്ടെണ്ണുന്ന ടേബിളില്‍ ഉണ്ടാകുക. കൂടാതെ ഒരോ സ്ഥാനാര്‍ത്ഥിക്കും ഒരു ഏജന്റിനെ വോട്ടെണ്ണുന്ന ഓരോ ടേബിളിലും നിയോഗിക്കാം. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് പ്രത്യേക ക്രമീകരണവും കേന്ദ്രങ്ങളില്‍ ഉണ്ടാകും.
കോവിഡ് പശ്ചാത്തലത്തില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കോ അല്ലെങ്കില്‍ ആര്‍ടിപിസിആര്‍/ ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവ് ആയവര്‍ക്കോ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശനം അനുവദിക്കൂ. പൊതു ജനങ്ങള്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശനമില്ല
