നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ട് എണ്ണൽ ദിവസമായ ഞായറാഴ്ച സംസ്ഥാനത്ത് പൊതുവേയും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രത്യേകിച്ചും കർശനസുരക്ഷ ഏർപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

വോട്ടെണ്ണൽ ദിനത്തിൽ 3,332 കേന്ദ്രസായുധ പോലീസ് സേനാംഗങ്ങൾ ഉൾപ്പെടെ 30,281 പോലീസുകാരാണ് ഡ്യൂട്ടിയിലുണ്ടാവുക. 207 ഡി.വൈ.എസ്.പിമാർ, 611 ഇൻസ്‌പെക്ടർമാർ, 2,003 എസ്.ഐ/എ.എസ്.ഐമാർ എന്നിവർ ഉൾപ്പെടെയാണിത്. 140 വോട്ടെണ്ണൽ കേന്ദ്രങ്ങളിലായി 49 കമ്പനി കേന്ദ്രപോലീസ് സേനാംഗങ്ങളേയും നിയോഗിച്ചിട്ടുണ്ട്.

വോട്ടെണ്ണൽ തീരുന്നതുവരെ കൗണ്ടിംഗ് കേന്ദ്രങ്ങളിൽ ശക്തമായ സുരക്ഷയുണ്ടാകും. നേരത്തേ രാഷ്ട്രീയ, സാമുദായിക സംഘർഷം ഉണ്ടായ സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധയുണ്ടാവും. ആവശ്യമെങ്കിൽ മുൻകരുതൽ അറസ്റ്റുകൾ നടത്താൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. വിജയാഘോഷ പ്രകടനങ്ങൾ നിരോധിച്ചിരിക്കുന്ന സാഹചര്യത്തിൽ വോട്ടെണ്ണൽ കേന്ദ്രത്തിനു മുൻപിൽ ജനക്കൂട്ടം ഉണ്ടാകാതെ നോക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നതിനായി കേന്ദ്ര ഇലക്ഷൻ കമ്മീഷൻ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും ജില്ലാ പോലീസ് മേധാവിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ക്രമസമാധാനനില ഉറപ്പാക്കുന്നതിന് പട്രോളിംഗ് സംഘത്തെ നിയോഗിക്കേണ്ടതിന്റെ ചുമതല അതത് പോലീസ് സ്റ്റേഷനുകൾക്കാണ്. എല്ലാ ജില്ലകളിലേയും സ്റ്റേഷൻ ഹൗസ് ഓഫീസർമാരേയും ഡി.വൈ.എസ്.പിമാരേയും അസിസ്റ്റന്റ് കമ്മീഷണർമാരേയും ഞായറാഴ്ചയും തിങ്കളാഴ്ചയും ക്രമസമാധാനപാലനത്തിനായി നിയോഗിക്കും. നിരത്തുകളിലെ വാഹനപരിശോധനയും മറ്റും ശനിയാഴ്ച വൈകുന്നേരം തന്നെ ആരംഭിക്കും. ഈ ദിവസങ്ങളിൽ സംസ്ഥാന അതിർത്തികളിൽ പ്രത്യേക പരിശോധനയ്ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.