സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ആര്‍. ടി. പി. സി. ആര്‍ ടെസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്ത സ്വകാര്യ ലാബുകള്‍, ആശുപത്രികള്‍ എന്നിവര്‍ക്കെതിരെ പരാതി ഭിച്ചാല്‍ ദുരന്തനിവാരണ നിയമ പ്രകാരം കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി കൂടിയായ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലയിലെ പല സ്വകാര്യ ലാബുകളിലും ആശുപത്രികളിലും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ നടത്തുന്നില്ലെന്ന് വ്യാപകമായ പരാതികള്‍ ലഭ്യമാകുന്ന സാഹചര്യത്തിലാണ് നടപടി. കേരളത്തില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് ഈടാക്കേണ്ട നിരക്ക് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുള്ളതാണ്. ഈ നിരക്കില്‍ ടെസ്റ്റ് നടത്താന്‍ തയ്യാറാകാത്തത് കനത്ത നിയമ ലംഘനവും ക്രിമിനല്‍ കുറ്റകരവുമാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
