കാസർഗോഡ്: ഹൊസ്ദുര്‍ഗ്ഗ് ജില്ലാ ജയിലില്‍ വിളവെടുത്ത 60 കിലോ കുമ്പളങ്ങ അമ്പലത്തറയിലെ സ്‌നേഹവീട്ടിലേക്ക് കൈമാറി. ഹരിത കേരളം മിഷനിലൂടെ ഹരിത ജയിലായി മാറിയ ഹൊസ്ദുര്‍ഗ്ഗ് ജില്ലാ ജയിലില്‍ പൂര്‍ണ്ണമായും ജൈവ മാതൃകയിലാണ് കൃഷി നടപ്പിലാക്കിയത്. കൃഷിക്കാവശ്യമായ വളവും ജയിലില്‍ നിന്നുതന്നെ ഉത്പാദിപ്പിച്ചു. 100 കിലോയോളം വിളവാണ് ഇത്തവണ ലഭിച്ചത്. അതില്‍ 40 കിലോയോളം ജയിലാവശ്യങ്ങള്‍ക്കായി മാറ്റിവയ്ക്കുകയും ബാക്കി 60 കിലോ അമ്പലത്തറ സ്‌നേഹവീട് ബഡ്‌സ് സ്‌കൂളിലേക്ക് കൈമാറുകയും ചെയ്തു.
കാഞ്ഞങ്ങാട് കൃഷിഭവന്റെ പിന്തുണയും കൃഷിക്ക് പിന്നിലുണ്ടായിരുന്നു. ജില്ലാ ജയില്‍ സൂപ്രണ്ട് കെ.വേണു അധ്യക്ഷനായി. ചടങ്ങില്‍ ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം. വത്സനില്‍ നിന്നും സ്‌നേഹവീട് പ്രസിഡന്റ് അഡ്വ. രാജേന്ദ്രന്‍ വിളവെടുത്ത കുമ്പളങ്ങകള്‍ സ്വീകരിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്‌മണ്യന്‍ മുഖ്യാഥിതിയായിരുന്നു. അസി. സൂപ്രണ്ട് പി.ഗോപാലകൃഷ്ണന്‍, ഡി.പി.ഒ പുഷ്പരാജ്, എ.പി.ഒ മാരായ സുര്‍ജിത്ത്, പ്രദീപന്‍,ശശിധരന്‍, സന്തോഷ്, വിപിന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.